keltron

തിരുവനന്തപുരം: അഴിമതിയാരോപണം ഉയർന്നതിനെ തുടർന്ന് സംസ്ഥാന പൊതുമേഖലാസ്ഥാപനമായ കെൽട്രോണിൽ നിയമനങ്ങൾ റിയാബിനെ ഏല്പിച്ച് സംസ്ഥാന വ്യവസായവകുപ്പ് ഉത്തരവിറക്കിയെങ്കിലും തൊട്ടുപിന്നാലെ അതിനെ ഗൗനിക്കാതെ നിയമനനീക്കവുമായി കെൽട്രോൺ.

കെൽട്രോണിലെ വിവിധ പദ്ധതികൾക്കായി സാങ്കേതിക യോഗ്യതയുള്ളവരെ താത്കാലിക, കരാർ, സ്ഥിരം തസ്തികകളിൽ നിയമിക്കാനായി റിയാബിനെ ചുമതലപ്പെടുത്തി ഈ മാസം രണ്ടിനാണ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ നാലാം തീയതി തന്നെ 102 തസ്തികകളിലേക്ക് സ്ഥിരം നിയമനത്തിന് കെൽട്രോൺ വിജ്ഞാപനമിറക്കി. നിയമനപ്രക്രിയകൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിനെ ചുമതലപ്പെടുത്തിയാണ് കെൽട്രോൺ വിജ്ഞാപനമിറക്കിയത്.

മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ എൻജിനിയർ, സീനിയർ ഓഫീസർ, എൻജിനിയർ, ഫിനാൻസ് ഓഫീസർ, സോഫ്ട്‌വെയർ ഡെവലപ്മെന്റ് എൻജിനിയർ, എൻജിനിയർ ട്രെയിനി തുടങ്ങിയ തസ്തികകളിലായാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കെൽട്രോണിലെ നിയമനങ്ങളിൽ അഴിമതിയാരോപണം ഉയർന്നതിന് പിന്നാലെയാണ് പൊതുമേഖലാസ്ഥാപനമായ റിയാബിനെ (പബ്ലിക് സെക്ടർ റീസ്ട്രക്ചറിംഗ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ്) കെൽട്രോണിലെ നിയമനങ്ങൾക്കായി ചുമതലപ്പെടുത്തി വ്യവസായ സെക്രട്ടറി ഉത്തരവിറക്കിയത്. ഈ ഉത്തരവിന് കടലാസിന്റെ വില പോലും കല്പിക്കാതെയാണ് 102 തസ്തികകളിലേക്ക് നിയമനങ്ങൾക്കായി കെൽട്രോൺ വിജ്ഞാപനമിറക്കിയത്. ഓൺലൈൻ വഴി ഈ മാസം 25വരെ അപേക്ഷ സമർപ്പിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലേതടക്കം നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് ഇത്തരത്തിൽ പിൻവാതിൽനീക്കം.