വർക്കല: ഇടവ ഓടയത്ത് കരിമീൻ, കാളഞ്ചി, പൂമീൻ എന്നിവയുടെ വിത്തുല്പാദന കേന്ദ്രം പ്രവർത്തനം തുടങ്ങുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബ്രക്കീഷ് വാട്ടർ അക്വാകൾച്ചറിന്റെ (സിബ) സാങ്കേതിക സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഇടവ ഓടയത്ത് 9 കോടി രൂപ മുതൽ മുടക്കിയാണ് മൾട്ടി സ്പീഷിസ് ഹാച്ചറി ആരംഭിക്കുന്നതെന്ന് അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ കീഴിലുളള അഡാക്കും ചെന്നൈ ആസ്ഥാനമായ സിബയും തമ്മിൽ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സംസ്ഥാനത്ത് ആവശ്യക്കാർ ഏറെയുള്ളതും വാണിജ്യ മൂല്യമുള്ളതുമായ മീനുകളാണ് കരിമീൻ, കാളാഞ്ചി, പൂമീൻ. നിലവിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ് മത്സ്യക്കുഞ്ഞുങ്ങൾ അധികവും എത്തുന്നത്.
വർഷം മുഴുവൻ പ്രവർത്തിക്കുന്ന തരത്തിലാണ് ഹാച്ചറി വർക്കല ഓടയത്ത് രൂപകല്പന ചെയ്യുന്നത്. ഗുണനിലവാരമുളള വിത്തുകൾ ആവശ്യാനുസരണം മത്സ്യക്കർഷകർക്ക് ലഭ്യമാകുന്നതോടെ ആഭ്യന്തര മത്സ്യ ഉത്പാദനം ഗണ്യമായി കൂട്ടാനാവും. ഗവേഷണ സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും കൈകോർക്കുന്നതിലൂടെ സുസ്ഥിര മത്സ്യകൃഷി സംവിധാനം വികസിപ്പിക്കാനാവും. ഓരുജല മത്സ്യക്കൃഷിയിൽ മുന്നേറാൻ ഇടവ ഓടയത്തെ നിർദ്ദിഷ്ട ഹാച്ചറി സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് .