ss

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുതകുന്ന മികച്ച പ്രോജക്ടിന് ആൾസെയിന്റ്സ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സസ്റ്റൈൻഹുഡ് ' എന്ന പരിസ്ഥിതി സംഘടനയുടെ പുരസ്‌കാരം ലഭിച്ചു. എം.എസ്.സി എൻവയോൺമെന്റൽ സയൻസ് വിദ്യാർത്ഥികളായ ആൻരേഷ്‌മ നെൽസൺ, ആര്യ.ബി.ആർ എന്നിവർക്കാണ്‌ പുരസ്‌കാരം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പേർ പങ്കെടുത്ത ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ വിജയിച്ച അഞ്ചുപേരിലാണ് ഇവരുള്ളത്. ലണ്ടനിൽ നിന്നുള്ള രണ്ടുപേരും മലാവിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുമാണ് വിജയിച്ച മറ്റുള്ളവർ. സർട്ടിഫിക്കറ്റും പരിസ്ഥിതി വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതിനുള്ള സഹായവുമാണ് പുരസ്‌കാരം. പുത്തൻതോപ്പ് സ്വദേശിയായ ആൻരേഷ്മ തയ്യാറാക്കിയ പ്രോജക്ട് കടൽത്തീരത്തെ മലിനീകരണം ഇല്ലാതാക്കുന്നതിനെക്കുറിച്ചായിരുന്നു. ഇതിനായി തീരത്ത് അടിഞ്ഞുകൂടുന്ന പാഴ്കുപ്പികൾ, ചിപ്പിത്തോടുകൾ എന്നിവ ഉപയോഗിച്ച് കരകൗശല വസ്‌തുക്കൾ നിർമ്മിച്ചു. ഫലപ്രദമായി നടപ്പിലാക്കുന്നതിന് പ്രദേശത്തെ സ്ത്രീകളുടെ സഹായവും തേടി. വ്യാപകമായി നടപ്പിലാക്കിയാൽ തീരമലിനീകരണം കുറയ്‌ക്കാൻ കഴിയുമെന്നായിരുന്നു പ്രോജക്ട്. ഗ്രാമങ്ങളിൽ വിത്ത് ബാങ്ക് ആരംഭിച്ച് അടുക്കളത്തോട്ടം സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു വെങ്ങാനൂർ സ്വദേശി ബി.ആർ. ആര്യയുടെ പ്രോജക്ട്. അയൽക്കൂട്ടം അംഗങ്ങളിലൂടെ വീടുകളിൽ അടുക്കളത്തോട്ടം ആരംഭിച്ചാൽ വിഷബാധ ഇല്ലാത്ത പച്ചക്കറി കഴിക്കാമെന്നാണ് പ്രോജക്ട്. വിജയികളായ അഞ്ചുപേർക്കും ഗൂഗിൾ മീറ്റ് വഴി ആറുദിവസത്തെ വർക്ക്ഷോപ്പ് നടക്കുകയാണ്. ഈ മാസം അവസാനം 'സസ്റ്റൈൻഹുഡ്' പുറത്തിറക്കുന്ന ഡോക്യുമെന്ററിയിൽ ഈ പ്രോജക്ടുകൾ ദൃശ്യവത്‌കരിക്കും.

പരിസ്ഥിതി സൗഹൃദ വിഷയങ്ങളിൽ കേരളത്തിലെ യുവതലമുറയ്‌ക്കുള്ള

ആഭിമുഖ്യമാണ് പുരസ്കാര നേട്ടത്തിലൂടെ വ്യക്തമാകുന്നത്.

-ഡോ. രേഷ്‌മ. ജെ.കെ
ഹെഡ് ഒഫ് ദ ഡിപ്പാർട്ട്മെന്റ്