കോട്ടയം : ആർപ്പൂക്കര പനമ്പാലത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച 5 പേർ പിടിയിൽ. പനമ്പാലം അങ്ങാടി കപ്പേള ഭാഗത്ത് കുരിശുങ്കൽ വീട്ടിൽ എബി ജോർജ് (33) നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തലവൻ അലോട്ടിയുടെ സഹോദരൻ ജോൺസി ജേക്കബ് (24), ടോമി ജോസഫ് (24), ഇർഫാൻ അസ്മായിൽ (23), ടിജു (32), അഭിജിത്ത് പ്രമോദ് (24) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ.ഷിജി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കഞ്ചാവ് വില്പനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം പനമ്പാലത്തെ ഷാപ്പിൽ ഇരുസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് ശേഷം പ്രതികൾ കുടമാളൂർ അങ്ങാടിപ്പള്ളിയുടെ ഭാഗത്ത് വച്ച് മാരകായുധങ്ങളുമായി എബിയെ ആക്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.