arif

തിരുവനന്തപുരം: പൊലീസിന് അമിതാധികാരം നൽകുന്നതും,മാദ്ധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതുമായ പൊലീസ് നിയമ ഭേദഗതി ഓർഡിനൻസിന്റെ ഭരണഘടനാ സാധുത സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുസംബന്ധിച്ച് നിയമ, ഭരണഘടനാ വിദഗ്ദ്ധരുമായിഅദ്ദേഹം ആശയവിനിമയം നടത്തിയതായി അറിയുന്നു.

ആക്ട് ഭേദഗതി ഓർഡിനൻസിൽ നിയമക്കുരുക്കുണ്ടെന്ന് ബോദ്ധ്യമായാൽ കൂടുതൽ വിശദീകരണം തേടി ഓർഡിനൻസ് സർക്കാരിലേക്ക് ഗവർണർ തിരിച്ചയച്ചേക്കും. സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ പേരിലാണ് ആക്ടിൽ ഭേദഗതി വരുത്താൻ സർക്കാർ തയാറായതെങ്കിലും, ഇത് വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആരോപണമുയർന്നു. പൊലീസ് നിയമഭേദഗതിക്ക് മുൻകാലങ്ങളിൽ നടത്തിയ നീക്കങ്ങൾ കോടതി റദ്ദാക്കിയ സാഹചര്യവുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി ലഭിച്ചിരുന്നു.ഡൽഹിയിലായിരുന്ന ഗവർണർ കഴിഞ്ഞ വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതിനാൽ വിശ്രമത്തിലുള്ള ഗവർണർ ഓഫീസിൽ സജീവമായ ശേഷമായിരിക്കും ഓർഡിനൻസിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.

നിലവിലെ പൊലീസ് ആക്ടിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് മന്ത്രിസഭായോഗം ശുപാർശ ചെയ്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ചുള്ള പ്രസിദ്ധീകരണം തടയുന്നതിനാണ് ഈ വകുപ്പ്. അഞ്ച് വർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാൻ ഇതിൽ വ്യവസ്ഥ ചെയ്യുന്നു. സാമൂഹ്യമാദ്ധ്യമങ്ങളെ ഉദ്ദേശിച്ചാണ് ഈ വകുപ്പെന്നാണ് സർക്കാർ വിശദീകരിച്ചതെങ്കിലും, എല്ലാ മാദ്ധ്യമങ്ങളുടെയും വായ മൂടിക്കെട്ടാനുള്ള നീക്കമെന്ന വിമർശനമാണുയർന്നത്. സി.പി.ഐക്കും ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും മന്ത്രിസഭയിൽ പാർട്ടി മന്ത്രിമാർ വിയോജിപ്പൊന്നും പ്രകടിപ്പിച്ചില്ല.