ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ച 2021-22 ഓടെ 8.8 ശതമാനമായി ഉയരുമെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) പ്രവചനം ശരിയാകുമെന്ന് കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം അവസാനത്തോടെ ഇന്ത്യ കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. അതേ സമയം, കയറ്റുമതിയിൽ സെപ്തംബറിൽ കുതിപ്പുണ്ടായെങ്കിലും ,ഒക്ടോബറിൽ കഴിഞ്ഞ വർഷം ഒക്ടോബറിനേക്കാൾ 5.4 ശതമാനം നെഗറ്റീവ് വളർച്ചയാണുള്ളത്. 24.8 ബില്യൻ യു.എസ് ഡോളറാണ് ഇന്ത്യയുടെ ഒക്ടോബറിലെ കയറ്റുമതി. ഇറക്കുമതി 33.6 ബില്യൻ ഡോളറും. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. മേയ് മാസത്തിൽ 2.8 ലക്ഷം പേരാണ് യാത്ര ചെയ്തതെങ്കിൽ ,ആഗസ്റ്റിൽ ഇത് 28.32 ലക്ഷവും സെപ്തംബറിൽ 39.43 ലക്ഷവുമായി. ഒക്ടോബറിൽ ആദ്യത്തെ 20 ദിവസം കൊണ്ട് റെയിൽവേ യാത്രക്കാരിൽ നിന്നുള്ള വരുമാനം 927.55 കോടിയായി.ചരക്കു കൊണ്ടുപോകുമ്പോഴുള്ള ഇ.വേ ബില്ലുകളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. സെപ്തംബറിൽ ഇ-വേ ബിൽ വഴി 14.12 ലക്ഷം കോടിയാണ് കിട്ടിയതെങ്കിൽ, ഒക്ടോബറിൽ 16.82 ലക്ഷം കോടിയായി.
ജി.എസ്. ടി നഷ്ടപരിഹാരത്തിനുള്ള ഓപ്ഷൻ സ്വീകരിച്ച സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന 1.10ലക്ഷം കോടിക്ക് പുറമെ, 7,8452 കോടിയുടെ നിബന്ധനകളില്ലാത്ത വായ്പയും നൽകും.