seydali

പാറശാല: ഭാഗ്യക്കുറി ടിക്കറ്റിൽ സമ്മാനാർഹമായ ടിക്കറ്റിന്റെ നമ്പർ കൃത്രിമമായി പതിപ്പിച്ച് പണം തട്ടിയെടുക്കുന്നയാളെ പാറശാല പൊലീസ് അറസ്റ്റുചെയ്‌തു. കന്യാകുമാരി വിളവങ്കോട് കളിയൽ ശങ്കരൻകാവ് റോഡരികത്ത് വീട്ടിൽ സെയ്ദലിയാണ് (38) പിടിയിലായത്. ലോട്ടറി ടിക്കറ്റ് വിൽക്കുന്ന പ്ലാമൂട്ടുക്കട സ്വദേശി മഹേഷിന്റെ പക്കൽ നിന്നുമാണ് ഇയാൾ പണം തട്ടിയത്. നിർമ്മൽ ലോട്ടറിയുടെ റിസൾട്ട് പരിശോധിച്ച് 5,​000 രൂപ സമ്മാനമായി ലഭിച്ചെന്ന് പറയുകയും വ്യാജ നമ്പർ പതിച്ച ടിക്കറ്റ് കൈമാറി 2500 രൂപയും ബാക്കി തുകയ്‌ക്ക് പുതിയ ടിക്കറ്റുകളും തട്ടിയെടുത്ത ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ടിക്കറ്റിൽ സംശയം തോന്നിയ മഹേഷ് വിവരം പാറശാല പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ പിടികൂടിയപ്പോഴാണ് പ്രതിയുടെ പക്കൽ നിർമ്മൽ ഭാഗ്യക്കുറിയുടെ സമ്മാനാർഹമായ ടിക്കറ്റുകളുടെ വ്യാജ നമ്പർ പതിച്ച നിരവധി ലോട്ടറി ടിക്കറ്റുകൾ ലഭിച്ചത്. വീട്ടിൽ നടത്തിയ പരിശോധനയിൽ നമ്പർ വെട്ടി മാറ്റിയതും വ്യാജ നമ്പർ ഒട്ടിച്ചതുമായ നിരവധി ലോട്ടറി ടിക്കറ്റുകളും കണ്ടെത്തി. സമാനകേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. പ്രിൻസിപ്പൽ എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ്, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒമാരായ രാജീവ്, ദീപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.