പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണവും ലുക്കുമെല്ലാം ആഗോള തലത്തിൽ തന്നെ വലിയ ചർച്ചയാകാറുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നടി റെഡ് കാർപെറ്റുകളിലും ഫാഷൻ വീക്കുകളിലും പ്രത്യക്ഷപ്പെടുന്നത്. വസ്ത്രധാരണത്തിലെ പുതുമയാണ് പ്രിയങ്കയെ ഫാഷൻ കോളങ്ങളിൽ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യൻ സിനിമയിൽ വസ്ത്രത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരം ഒരുപക്ഷേ പ്രിയങ്കയായിരിക്കും. ഫാഷൻ പരീക്ഷണങ്ങൾ പ്രിയങ്കയ്ക്ക് ഇഷ്ടമാണെങ്കിലും ചില വസ്ത്രങ്ങൾ നടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് തലവേദന സൃഷ്ടിച്ച വസ്ത്രങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് പ്രിയങ്ക ചോപ്ര. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. വസ്ത്രമണിഞ്ഞ് റെഡ്കാർപെറ്റിലെത്തിയപ്പോഴുണ്ടായ സംഭവമാണ് നടി വെളിപ്പെടുത്തിയത്. ജീവിതത്തിൽ രണ്ടു തവണയാണ് വസ്ത്രം താരത്തിന് വിനയായത്. ആദ്യമായി വസ്ത്രധാരണത്തിൽ ബുദ്ധിമുട്ട് നേരിട്ടത് 2000ലെ മിസ് വേൾഡ് മത്സരത്തിനിടയിലായിരുന്നു. അന്ന് ധരിച്ചിരുന്ന വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. പക്ഷേ ആ സമയം പ്രിയങ്ക ഒട്ടേറെ പിരിമുറുക്കം അനുഭവിച്ചു. തത്‌ഫലമായി അത് വസ്ത്രത്തിലും നിഴലിച്ചു. ആ ടേപ്പ് മുഴുവനും ഊരി വന്നു, വസ്ത്രം ഇളകുന്ന അവസ്ഥയിലായി കാര്യങ്ങൾ. എന്നാൽ ഇതിനെ വളരെ ബുദ്ധിപൂർവം നടി മനേജ് ചെയ്യുകയായിരുന്നു. ഇന്നും സോഷ്യൽ മീഡിയയിലും ഫാഷൻ കോളങ്ങളിലും മിസ് വേൾഡ് മത്സര വേദിയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ വൈറലാണ്. സദസിനെ അഭിവാദ്യം ചെയ്ത് നമസ്തേ പറയുന്ന നടിയുടെ ചിത്രം വലിയ ജനശ്രദ്ധ നേടിയിരുന്നു. ഈ നമസ്തേ പ്രിയങ്കയുടെ ഒരു ട്രിക്ക് കൂടിയായിരുന്നു.പക്ഷെ ആ നമസ്തേയുടെ പിന്നിൽ വസ്ത്രം ഇളകി വീഴാതിരിക്കൻ കൈകൾ കൊണ്ട് വസ്ത്രം താങ്ങി നിർത്തുകയായിരുന്നു പ്രിയങ്ക. രണ്ടാമത് വസ്ത്രത്തിന്റെ പേരിൽ പ്രിയങ്കയ്ക്ക് ടെൻഷനായത് 2018ലെ മെറ്റ് ഗാലയിൽ വെച്ചാണ് . ഫാഷൻ വീക്കിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വസ്ത്രങ്ങളിലൊന്നായിരുന്നു ഇത്. കടും ചുവപ്പു നിറമുള്ള റാൽഫ് ലോറൻ റെഡ് വെൽവെറ്റ് വസ്ത്രമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. കണ്ടാൽ നല്ല ഭംഗിയുള്ള വസ്ത്രം. പക്ഷെ അതിൽ ഒരുക്കിയിരുന്ന കച്ച പ്രിയങ്കയെ ശ്വാസം മുട്ടിച്ചു. വാരിയെല്ലുകൾ വരിഞ്ഞുമുറുകിയ പ്രതീതിയാണ് ആ വസ്ത്രം അന്ന് പ്രിയങ്കയ്ക്ക് സമ്മാനിച്ചത്. ആ രാത്രയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിച്ചില്ലെന്ന് പ്രിയങ്ക പറയുന്നു. 2018 ലെ പ്രിയങ്കയുടെ മെറ്റ് ഗാലയിലെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കർവ ചൗത് ആഘോഷത്തിൽ...
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രയങ്ക ചോപ്രയുടെ കർവ ചൗത് ആഘോഷമാണ്. മെട്രിക്സ് 4 എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകളായി പ്രിയങ്ക ജർമ്മനിയിൽ ആയിരുന്നു. ഈ ആഴ്ച ആദ്യമാണ് നടി അമേരിക്കയിലേയ്ക്ക് മടങ്ങിയെത്തിയത്. തുടർന്ന് ഭാർത്താവ് നിക്കിനോടൊപ്പം കർവ ചൗത് ആഘോഷിക്കുകയായിരുന്നു. ചുവന്ന നിറത്തിലുള്ള സാരിയിൽ നിൽക്കുന്ന നടിയുടെ ചിത്രം തരംഗമായിരുന്നു. ഗോൾഡൻ നിറത്തിലുള്ള സ്ലീവ് ലെസാണ് സാരിക്കൊപ്പം അണിഞ്ഞിരുന്നത്. നെറുകിൽ സിന്ദുരവും തെട്ട് ഇന്ത്യൻ സ്റ്റൈലിലായിരുന്നു നടി കർവ ചൗത് ചടങ്ങിൽ എത്തിയത്.