തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കും പിന്നാലെ 35 കോർപ്പറേഷൻ വാർഡുകളിൽ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനവുമായി യു.ഡി.എഫ്. ഇന്നലെ രാത്രി വൈകിയാണ് 35 പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 60 വാർഡുകളിൽ സ്ഥാനാർത്ഥി നിർണയത്തിൽ ധാരണയായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകുകയാണെങ്കിലും സ്ഥാനാർത്ഥിത്വം ഉറപ്പായവർ ആദ്യഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന യോഗങ്ങളിൽ ഘടകകക്ഷികൾ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതും സ്ഥാനാർത്ഥി നിർണയം വൈകാൻ കാരണമായിട്ടുണ്ട്. ഘടകകക്ഷികളെ പിണക്കാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. മുസ്ലിം ലീഗ്, സി.എം.പി തുടങ്ങിയവരുടെ സീറ്റുകളിൽ ഏകദേശ ധാരണയായിട്ടുണ്ട്. ഔദ്യോഗികമായി പ്രഖ്യാപിച്ച 35 വാർഡുകളിൽ കണ്ണമൂല, ചെറുവയ്ക്കൽ എന്നിവ സി.എം.പിക്കാണ് നൽകിയിരിക്കുന്നത്. കൂടുതലും വനിതകളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഏവരും ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ യുവാക്കളുടെ നിരയുമായാണ് എൽ.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തിയത്. അതേ ചുവടിപിടിച്ചാണ് യു.ഡി.എഫിന്റെയും പ്രഖ്യാപനമെന്നാണ് വിവരം. ചർച്ചകൾ സജീവമാണെങ്കിലും അന്തിമപട്ടിക പുറത്തുവിടാനാകാത്തത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.
യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ് നേതാക്കളെ കൂടുതൽ സീറ്റുകളിലേക്ക് പരിഗണിക്കണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.
ബി.ജെ.പി രണ്ടാംഘട്ട പട്ടിക ഇന്ന്
ബി.ജെ.പി രണ്ടാഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കും. ജില്ലാ കമ്മിറ്റി സ്ഥാനാർത്ഥികളുടെ പട്ടിക സംസ്ഥാന കോർകമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ച ശേഷം ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. ആദ്യഘട്ടമായി ബി.ജെ.പി പ്രഖ്യാപിച്ച 38 സ്ഥാനാർത്ഥികളിൽ പകുതിയോളം യുവാക്കളായിരുന്നു. സംവരണ വാർഡുകൾക്ക് പുറമെ ജനറൽ വാർഡുകളിലേക്ക് സ്ത്രീകളെ കൂടുതൽ പരിഗണിച്ചേക്കും
അവസരം നൽകുന്നില്ലെന്ന് യൂത്ത് കോൺഗ്രസ്
തങ്ങൾ ആവശ്യപ്പെട്ട വാർഡുകളിലേക്ക് 50 വയസ് കഴിഞ്ഞവർ മത്സരിക്കാനായി എത്തുന്നതിൽ യൂത്ത് കോൺഗ്രസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. രണ്ടും മൂന്നും തവണ മത്സരിച്ച് ജയിക്കുകയും യൗവനകാലത്ത് അതിന്റെ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടും യുവാക്കൾക്ക് മാറിക്കൊടുക്കാതെ അവരുടെ അവസരങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
കോൺഗ്രസ് സ്ഥാനാർത്ഥികളും വാർഡും
1കടകംപള്ളി-ഡി. അനിൽകുമാർ
2.നാലാഞ്ചിറ-ജോൺസൺ ജോസഫ്
3.ചെല്ലമംഗലം-രേഖവിജയൻ
4.ചെമ്പഴന്തി-അണിയൂർ എം.പ്രസന്നകുമാർ
5.പൗഡിക്കോണം-എം. കല
6.ഞാണ്ടൂർക്കോണം-ഐ.സിന്ധു
7.ഉള്ളൂർ-ബിന്ദു.പി
8.മണ്ണന്തല-വനജരാജേന്ദ്ര ബാബു
9.കവടിയാർ-എസ്.സതികുമാരി
10.കാഞ്ഞിരംപാറ-ഗായത്രി വി.നായർ
11.തുരുത്തുംമൂല- അജന്താ രതീഷ്
12.പുന്നയ്ക്കാമുകൾ-സ്മിത ജി.ചന്ദ്രൻ
13.എസ്റ്റേറ്റ് -ശ്രീന.എൻ
14.മേലാംകോട്-സുമികൃഷ്ണ വി.ജെ
15.ഫോർട്ട്-ഉദയ ലക്ഷ്മി
16.ചെറുവയ്ക്കൽ.വി.ആർ.സിനി (സി.എം.പി)
17.കണ്ണമ്മൂല-സൗമ്യ അനിൽ (സി.എം.പി)
18.പാങ്ങോട്-അഡ്വ.സ്മിത സുരേഷ്
19.നെട്ടയം-വി. ഷിബുകുമാർ
20.കൊടുങ്ങാനൂർ -ഡി. ശ്രീലത
21.വാഴോട്ടുകോണം -എ.സിന്ധുഷ
22.വഞ്ചിയൂർ -പി.എസ്. സരോജം
23.പെരുന്താന്നി -പി. പത്മകുമാർ
24. പേട്ട -ആര്യാ പ്രവീൺ
25. വഴുതക്കാട് - കെ.സുരേഷ്‌കുമാർ
26. ആറന്നൂർ - കെ.രാധ
27. ജഗതി - നീതു വിജയൻ
28.മുടവൻ - മുകൾ ശ്രീകല എസ്
29.തൃക്കണ്ണാപുരം - സ്‌നേഹ ടി.എൽ
30.കുളത്തൂർ - സജിചന്ദ്രൻ
31.പാപ്പനംകോട് - സുജി സുരേഷ്
32.നേമം - ഷീബ
33.ആക്കുളം - ആക്കുളം സുരേഷ്
34.ശാസ്തമംഗലം - ശാസ്തമംഗലം ഗോപൻ
35.ആറ്റുകാൽ - അനന്തപുരം മണികണ്ഠൻ