തിരുവനന്തപുരം: പതിനഞ്ച് ആനകൾ ഒരുമിച്ച് ചേർന്ന് കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ ശ്രീക്കുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചു. പത്ത് കിലോ തൂക്കം വരുന്ന കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷംഗംഭീരമാക്കിയത്. അരി, ഗോതമ്പ്, റാഗി, ശർക്കര, മുതിര, ചെറുപയർ തുടങ്ങിയവ കൊണ്ടായിരുന്നു കേക്ക്.
വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ആണ് ശ്രീകുട്ടിക്ക് ആദ്യം കേക്ക് മുറിച്ച് നൽകിയത്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഭാര്യ റീത്ത സിൻഹ, റെയിഞ്ച് ഓഫീസർ സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പിന്നാലെ മറ്റ് ആനകൾക്കും കേക്ക് നൽകി.
കഴിഞ്ഞവർഷം തെന്മല ഡാമിന്റെ വനമേഖലയിൽ നിന്നും ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയെ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ ഒരു വയസ്സുകാരി ശ്രീക്കുട്ടി മുതൽ എഴുപത്തിയെട്ടുകാരൻ സോമൻ വരെയുണ്ട്.