kovalam

കോവളം: കപ്പലുകളുടെ വലിയ നിരയെത്തുന്ന വിഴിഞ്ഞം തുറമുഖത്ത് ഇനി മുതൽ ക്രൂചെയ്ഞ്ചിംഗിനായി ധ്വനിയുടെ സഹായം. മാരിടൈം ബോർഡ് പുതുതായി നിർമ്മിച്ച രണ്ട് ടഗ്ഗുകളിലൊന്നായ ധ്വനിയാണ് ഇന്നലെ വൈകിട്ട് മന്നോട് വിഴിഞ്ഞത്തെത്തിച്ചത്. ക്രൂചെയ്ഞ്ചിംഗിനായി എസ്.ടി.ഐ സൊലോസിനെ സ്വീകരിക്കാൻ ധ്വനി അകമ്പടി പോകും. ധ്വനിയുടെ വരവ് ആഘോഷമാക്കി മാറ്റാനാണ് തുറമുഖവകുപ്പിന്റെ തീരുമാനം. പുതിയ ടഗ്ഗ് എത്തുന്നതോടെ ഏതുസമയത്തും ക്രൂ ചെയ്ഞ്ചിംഗ് നടത്താൻ സമീപിക്കാവുന്ന സെന്ററായി വിഴിഞ്ഞം മാറും. കൊച്ചിക്ക് പിന്നാലെ കേരളത്തിലെ രണ്ടാമത്തെ ക്രൂചെയ്ഞ്ചിംഗ് കേന്ദ്രമാണ് വിഴിഞ്ഞം. അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്തുകിടക്കുന്ന വിഴിഞ്ഞം ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കുള്ള ക്രൂ ചെയ്ഞ്ചിംഗ് സെന്റുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ. അടുത്തായാഴ്ച ഒരു ഡസൻ കപ്പലുകൾ കൂടി വിഴിഞ്ഞത്തെത്താൻ അനുമതി തേടിയിട്ടുള്ളതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ 80 ലക്ഷം രൂപയാണ് ആങ്കറിംഗ് ചാർജിനത്തിൽ മാത്രം തുറമുഖ വകുപ്പിന് ലഭിച്ചത്. ഗോവ ഷിപ്പ്യാർഡിൽ നിർമ്മിച്ച 450 എച്ച്.പി ശേഷിയുള്ള ധ്വനി എന്ന ടഗ്ഗ് പൂർണമായും ശീതീകരിച്ചതാണ്. നിലവിൽ ചാലിയാർ എന്ന തുറമുഖ വകുപ്പിന്റെ തന്നെ ഇടത്തരം ടഗ്ഗാണ് വിഴിഞ്ഞത്തെ ക്രൂചെയ്ഞ്ചിംഗിന് ഉപയോഗിക്കുന്നത്.