വിതുര: തൊളിക്കോട് പഞ്ചായത്തിൽ ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഭരണം നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും മികച്ച സ്ഥാനാർത്ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ബി.ജെ.പിയും, എസ്.ഡി.പി.എെയും രംഗത്തുണ്ട്. സി.പി.എമ്മുകാരിയായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും, സിറ്റിംഗ് മെമ്പർമാരും രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള തൊളിക്കോട് പഞ്ചായത്തിൽ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും സി.പി.എം വിജയിക്കുകയായിരുന്നു. കൈവിട്ടുപോയ ഭരണം എന്തു വിലകൊടുത്തും പിടിച്ചെടുക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ജനറൽ വിഭാഗത്തിനാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. പുളിമൂട് വാർഡിൽ നിന്നും വിജയിച്ച സി.പി.എമ്മിലെ ഷംനാനവാസ് തൊളിക്കോട് ടൗൺ വാർഡിൽ നിന്നും ജനവിധി തേടുന്നു. മഹിളാകോൺഗ്രസ് നേതാവും മുൻ പഞ്ചായത്തംഗവുമായ ഷെമിഷംനാദാണ് എതിരാളി. ആർ.സി. വിജയൻ പരപ്പാറ വാർഡിലാണ് മാറ്റുരക്കുന്നത്. കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരനാണ് മുഖ്യ എതിരാളി. ബി.ജെ.പി സ്ഥാനാർത്ഥിയും രംഗത്തുണ്ട്. സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പനയ്ക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എസ്.എസ്. പ്രേംകുമാർ തോട്ടുമുക്ക് വാർഡിൽ നിന്ന് ജനവിധി തേടുന്നു. ബ്ലോക്ക് പഞ്ചായത്തംഗവും, ഡി.സി.സി ജനറൽസെക്രട്ടറിയുമായ തോട്ടുമുക്ക് അൻസാറാണ് മുഖ്യ എതിരാളി. ഇരുവരും ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കി. കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റും തേവൻപാറ വാർഡ് മെമ്പറുമായ എൻ.എസ്. ഹാഷിം തുരുത്തി വാർഡിൽ ജനവിധി തേടുന്നു. ബി.ജെ.പിയുടെ മുൻ പഞ്ചായത്ത് സമിതി പ്രസിഡൽുമാരായ സി.വി. അനിൽ തുരുത്തി വാർഡിലും, തച്ചൻ കോട് വേണുഗോപാൽ തച്ചൻകോട് വാർഡിലും മത്സരിക്കുന്നു. പനയ്ക്കോട് വാർഡ് മെമ്പറായിരുന്ന നട്ടുവാൻകാവ് വിജയൻ കണിയാരംകോട് വാർഡിൽ മത്സരിക്കുന്നു.മലയടി വാർഡ് മെമ്പർ ജയകുമാർ തച്ചൻകോട് വാർഡിൽ മൽസരിക്കുന്നു.സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകിയെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
കക്ഷിനില
ആകെ സീറ്റ്-16
സി.പി.എം-9
കോൺഗ്രസ്-5
എ.ജെ.ഡി-1
എസ്.ഡി.പി.എെ-1