കോവളം: പ്രതിസന്ധിയുടെയും അവഗണനയുടെയും കെട്ടകാലം പേറുന്ന സംസ്ഥാനത്തെ കയർ വ്യവസായ സംഘങ്ങൾ പുത്തനുണർവിന്റെ ലോകത്തേക്ക് കുതിക്കാനൊരുങ്ങുന്നു. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ വരവാണ് സംഘങ്ങൾക്ക് ആശ്വാസമാകുന്നത്. പരമ്പരാഗത കയർ പിരിമേഖലയെ സംരക്ഷിച്ചുള്ള ആധുനീകരണമാണ് ലക്ഷ്യം.
ഇലക്ട്രോണിക് റാട്ടുകളും ഫാക്ടറി അടിസ്ഥാനത്തിലുള്ള ഓട്ടോമാറ്റിക് സ്പിന്നിംഗ് മില്ലുകളും വേഗതയിൽ വിന്യസിക്കുകയാണ്. ഇതോടെ തൊഴിലാളികളുടെ ജോലി ഭാരം കുറയുകയും ഉത്പാദനക്ഷമത ഉയരുകയും ചെയ്യും. കൂലിയും വർദ്ധിക്കും. അധികമായി ഉത്പാദിപ്പിക്കുന്ന കയറുപയോഗിച്ച് ആവശ്യമുള്ള ഉത്പന്നങ്ങളുണ്ടാക്കും.
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണത്തിൽ കയർ ഭൂവസ്ത്രമുപയോഗിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള വിജ്ഞാപനം ഉടനിറങ്ങും. പുതിയ ഡിമാന്റിനനുസരിച്ച് കയർ ഭൂവസ്ത്രം ഉത്പാദിപ്പിക്കാനായാൽ കേരളത്തിന്റെ കയർ മേഖലയുടെ മുഖച്ഛായ മാറുമെന്നുറപ്പ്. മുമ്പ് കയർഫെഡ് സംഭരിക്കുന്ന കയർ വിപണിയില്ലാതെ കെട്ടിക്കിടക്കുകയായിരുന്നു. എന്നാലിപ്പോൾ സംഭരിക്കുന്ന കയർ മുഴുവൻ വിറ്റുപോകുകയാണ്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മെഷീൻ മാനുഫാക്ച്വറിംഗ് കമ്പനി ഇരുനൂറോളം ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും ഇരുപതിനായിരത്തോളം ഇലക്ട്രോണിക് റാട്ടുകളും നിർമ്മിച്ച് വിതരണം ചെയ്തു. സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും കുടുംബശ്രീ തുടങ്ങി സംവിധാനങ്ങൾ വഴിയും തൊണ്ട് ശേഖരിച്ച് ചകിരി ഉത്പാദനം വർദ്ധിപ്പിച്ചു. മാർച്ച് 31നു മുമ്പ് കയർ സംഘങ്ങളിൽ 2000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളെത്തിക്കുകയാണ് ലക്ഷ്യം.
കണക്കുകൾ ഇങ്ങനെ
കയർ ഉത്പാദനം മൂന്നുകൊല്ലം മുമ്പ്- 10,000 ടണ്ണിൽ താഴെ
2017-18ൽ- 14,500 ടൺ
2019-20 അവസാനം 20,000 ടണ്ണാകുമെന്ന് പ്രതീക്ഷ
2020-21ൽ ലക്ഷ്യമിടുന്നത്- 40,000 ടൺ
കയർകയർഫെഡിന്റെ വിപണനം
2015-16ൽ 7,029 ടൺ
2018-19 ൽ 15,792 ടൺ
2016-19 കാലയളവിൽ
ചകിരി മില്ലുകൾ- 120
പ്രധാന നേട്ടങ്ങൾ
പ്രതിദിനം ഏഴ് മണിക്കൂർ കൊണ്ട് 8000 മീറ്റർ കയർ
ഒരു തൊഴിലാളിക്ക് 500 രൂപ വേതനം
പുതു തലമുറക്ക് തൊഴിൽ സാദ്ധ്യത
ജില്ലയിലെ പദ്ധതി പ്രാവർത്തികമാക്കിയ സർക്കിളുകൾ നെയ്യാറ്റിൻകര, ചിറയിൻകീഴ്.
ഉദ്ഘാടനം കഴിഞ്ഞ സംഘങ്ങൾ പാച്ചല്ലൂർ, കോവളം, വാഴമുട്ടം, പെരിങ്ങുഴി, മാടൻവിള, ആനത്തലവട്ടം, ഇടഞ്ഞിമൂല, മുട്ടപ്പലം
'ജില്ലയിൽ നെയ്യാറ്റിൻകര, ചിറയിൻകീഴ് സർക്കിളിന് പുറമേ വർക്കല, കടയ്ക്കാവൂർ, കണിയാപുരം എന്നീ കയർവ്യവസായ സഹകരണ സംഘങ്ങളിൽ പദ്ധതി പൂർത്തിയാക്കും. ഇതിന്റെ നടപടി ക്രമം പൂർത്തിയാകുന്നു".
- ബി. ശ്രീകുമാർ, പ്രോജക്ട് ഓഫീസർ