ddd

കട്ടപ്പന: ഒരുവർഷം മുമ്പ് ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നു പിടികൂടി. കട്ടപ്പന കാവുംപടി മഞ്ചാങ്കൽ അഭിലാഷിനെ(പോത്തൻ അഭിലാഷ്-38) യാണ് പളനിയിൽ നിന്നും കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന സ്വദേശിയായ അയ്യൻവേലിൽ ഷാജി( 50) നെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കാപ്പ ലംഘിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഭിലാഷിനെ കണ്ടെത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി പളനിയിലുള്ളതായി രഹസ്യവിവരം ലഭിച്ചത്. തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കട്ടപ്പന സി.ഐ. വിശാൽ ജോൺസൺ, എസ്.ഐ. സന്തോഷ് സജീവ്, എസ്.ഐ. ബേസിൽ, എ.എസ്.ഐ. സുബൈർ, അനീഷ് എന്നിവരടങ്ങുന്ന സംഘം തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.