അമേരിക്കയിൽ കറുത്തവരുടെ കേന്ദ്രമായ ബേ ഏരിയയിൽ നിന്നാണ് കമലയുടെ ഉള്ളിൽ പോരാട്ടത്തിന്റെ കനലെരിഞ്ഞു തുടങ്ങിയത്. ബേ ഏരിയയിൽ കറുത്തവരുടെ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും കമലയുടെ മനസിൽ തറച്ചു. ആ മനസിൽ ഒരു പ്രക്ഷോഭകാരി വളർന്നു തുടങ്ങി. കമലയ്ക്ക് ഏഴുവയസുള്ളപ്പോൾ മാതാപിതാക്കൾ പിരിഞ്ഞു. പിന്നെ കമലയും അനിയത്തിയും അമ്മയോടൊപ്പം ബർക്ക്‌ലിയിലെ ഫ്ലാറ്റിൽ. തൊട്ടടുത്ത് ആഫ്രോ - അമേരിക്കൻ തൊഴിലാളികളുടെ കോളനി. അവരുടെ പ്രക്ഷോഭത്തിന്റെ ഭാഷ കുഞ്ഞിലേ മനസിലാക്കിയ കമല 'ഫ്രീഡം' എന്ന് ഉച്ചത്തിൽ വിളിക്കുമായിരുന്നു.
കമലയുടെ വളർച്ചയെ ഇന്ത്യൻ സംസ്‌കാരം സ്വാധീനിച്ചു. വളർന്നതാകട്ടെ കറുത്തവർക്കിടയിലും. ''എന്റെ സുഹൃത്തുക്കളെല്ലാം കറുത്തവരായിരുന്നു.ഞങ്ങളൊരുമിച്ച് ഇന്ത്യൻ ഭക്ഷണം പാചകം ചെയ്യും. കൈയിൽ ഹെന്ന തേയ്‌ക്കും...'' 2003ൽ ഒരു ഇന്റർവ്യൂവിൽ കമല പറഞ്ഞു. അക്കാലത്ത് കമലയും മായയും കറുത്തവരുടെ ഒരു ബാപ്റ്റിസ്റ്റ് പള്ളിയിലെ ക്വയർ ഗായകരായിരുന്നു. അമ്മയുടെ കൂടെ ഹിന്ദു ക്ഷേത്രങ്ങളിലും പോകും. അച്ഛനൊപ്പം ജമൈക്കയിലേക്കും അമ്മയ്‌ക്കൊപ്പം ഇന്ത്യയിലേക്കുമുള്ള യാത്രകൾ വലിയ അനുഭവമായി. ഇന്ത്യ, ഇംഗ്ലണ്ട്, കരീബിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം സഞ്ചരിച്ചു. അമ്മ കാൻസർ ഗവേഷണത്തിന് കാനഡയിലേക്കു പോയപ്പോൾ കമലയും കൂടെ പോയി. അവിടെ മോൺട്രിയലിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസത്തിന് അമേരിക്കയിൽ തിരിച്ചെത്തി. വാഷിംഗ്ടൺ ഡി.സിയിലെ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. അപ്പോഴേക്കും അച്ഛൻ സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റിയിൽ ഇക്കണോമിക്സ് പ്രൊഫസറായി. അച്ഛന്റെ പാത പിന്തുടർന്ന കമല ഇക്കണോമിക്സും പൊളിറ്റിക്കൽ സയൻസും പഠിച്ചു.
ഹോവാർഡ് യൂണിവേഴ്‌സിറ്റിയിൽ നവാഗതരുടെ ക്ലാസ് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള പ്രചാരണമായിരുന്നു കമലയുടെ ആദ്യ രാഷ്‌ട്രീയ പ്രവർത്തനം. കോളേജിലെ ഡിബേറ്റ് ടീമിൽ ചേർന്ന് പ്രസംഗിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തി. സർവകലാശാലയിലെ കറുത്ത പെൺകുട്ടികളുടെ സൊസൈറ്റിയായ 'ആൽഫ കാപ്പ ആൽഫ'യിൽ ചേർന്ന കമല തീപ്പൊരിയായി. വർണവിവേചനത്തിനെതിരായ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ കമല. (സർവകലാശാലകളിൽ വെള്ളക്കാരായ പെൺകുട്ടികളുടെ ക്ലബുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ 1908ൽ രൂപം കൊണ്ടതാണ് ആൽഫ കാപ്പ ആൽഫ സൊസൈറ്റി). ഹോവാർഡ് സർവകലാശാല കമലയെ നേതാവാക്കി വളർത്തി. ടൂർഗൈഡ്, ഫെഡറൽ ട്രേഡ് കമ്മിഷന്റെ മാദ്ധ്യമ സഹായി, സെനറ്റർ അലൻ ക്രാൻസ്റ്റണിന്റെ ഇന്റേൺ തുടങ്ങിയ ജോലികളും ചെയ്‌തു.
നിയമപുസ്തകത്തിലെ നീതിവാക്യം
പൗരാവകാശ നേതാക്കളും ആഫ്രിക്കൻ അമേരിക്കൻ അഭിഭാഷകരുമായ കോൺസ്റ്റൻസ് ബേക്കർ മോട്ട്‌ലി,ചാൾസ് ഹാമിൽട്ടൺ ഹ്യൂസ്റ്റൺ തുടങ്ങിയവരായിരുന്നു കമലയുടെ റോൾ മോഡലുകൾ. ഹോവാഡിലെ പഠന ശേഷം നിയമപഠനതിനായി കാലിഫോർണിയ സവകലാശാലയിലെ ഹേസ്റ്റിംഗ്സ് കോളേജിൽ. ബേ ഏരിയയിലെ പാവങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നത് കമല നേരിട്ടു കണ്ടിട്ടുണ്ട്. പാവങ്ങളെ സംരക്ഷിക്കാനും അധികാരത്തിന്റെ അസന്തുലനം പരിഹരിക്കാനും നിയമത്തെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചു. അതിനായി പ്രോസിക്യൂട്ടർ ആയി.
പീഡനത്തിന് ഇരയാകുന്ന സ്‌ത്രീകളെ നിയമപരമായി സഹായിക്കണമെന്ന ആഗ്രഹവും വളർന്നു. സ്‌കൂളിൽ ഒരു കൂട്ടുകാരി പിതാവിന്റെ ലൈംഗിക പീഡനത്തിന് ഇരയായതാണ് കമലയെ ആ വഴിക്ക് ചിന്തിപ്പിച്ചത്. ആ പെൺകുട്ടിയെ തന്റെ അമ്മ ശ്യാമളയുടെ അനുമതിയോടെ കമല സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചു.
കുട്ടികളുടെ പ്രോസിക്യൂട്ടർ
1989- ൽ നിയമബിരുദം നേടിയ കമല ഹാരിസ് 1990ൽ കാലിഫോർണിയയിലെ അലമേഡ കൗണ്ടിയിൽ പ്രോസിക്യൂട്ടറായി.കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളിലും ഗാർഹിക പീഡന കേസുകളിലും സ്‌പെഷ്യലൈസ് ചെയ്‌തു.
1998ൽ സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസിലേക്കു മാറിയ കമല അവിടെയും സ്‌ത്രീകളുടെയും കുട്ടികളുടെയും ഡിവിഷന്റെ മേധാവിയായി. 2003ൽ സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്ട് അറ്റോർണി തിരഞ്ഞെടുപ്പിൽ വിജയിച്ചു. ആ പദവിയിലും പീഡനക്കേസ് പ്രതികളെ നിയമത്തിൽ തളച്ചിട്ടു. കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരായ നിയമങ്ങൾ ശക്തമാക്കാൻ നിരന്തരം പോരാടി. ലൈംഗികത്തൊഴിൽ ഉപേക്ഷിക്കുന്ന കുട്ടികളെ പുനരധിവസിപ്പിച്ചു.
പ്രോസിക്യൂട്ടർ എന്ന നിലയിൽ തന്റെ കേസുകളിൽ വധശിക്ഷ ആവശ്യപ്പെടില്ലെന്നായിരുന്നു കമലയുടെ പരസ്യമായ നിലപാട്. ഒരു യുവ പൊലീസ് ഓഫീസറെ ഡ്യൂട്ടിക്കിടെ വെടിവച്ചു കൊന്ന പ്രതിക്കും വധശിക്ഷ ആവശ്യപ്പെടില്ലെന്ന് കമല പ്രഖ്യാപിച്ചു. പൊലീസ് യൂണിയനും പള്ളിയും വരെ ഇതിനെതിരെ രംഗത്തു വന്നു. ആ പ്രതിക്ക് കോടതി ജീവപര്യന്തം തടവാണ് ശിക്ഷിച്ചത്.
അടുക്കളയും ആരോഗ്യവും
നന്നായി ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക- ഇതാണ് കമലയുടെ ആരോഗ്യരഹസ്യം. രാവിടെ ട്രെഡ് മില്ലിൽ നടക്കും. ഒപ്പം ടി.വി കാണും. ഇൻഡോർ സൈക്ക്‌ളിംഗ് ക്ലബ്ബായ സോൾ സൈക്കിളിലും പോകും. ഭക്ഷണം ആസ്വദിച്ചു കഴിക്കും. ഭർത്താവ് ഡഗ് എംഹോഫും നല്ല പാചകക്കാരനാണ്. ഒരുമിച്ചാണ് പാചകം.