മുക്കം: വെൽഫെയർ പാർട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ ഇല്ലെന്ന കോൺഗ്രസ്-ലീഗ് നേതൃത്വത്തിന്റെ അവകാശ വാദം തള്ളി മുക്കം പ്രാദേശിക നേതൃത്വം. നഗരസഭയിലെ ചേന്ദമംഗല്ലൂരാണ് ജമാഅത്തെ ഇസ്ലാമിക്കും അവരുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിക്കും സ്വാധീനമുള്ളത്. അവിടെ നാലു സീറ്റാണ് യു.ഡി.എഫ് വെൽഫെയർ പാർട്ടിക്ക് നൽകിയത്. ആകെയുള്ള 33 സീറ്റിൽ 18ൽ കോൺഗ്രസും 11 ൽ മുസ്ലിംലീഗും മത്സരിക്കും.
ചേന്ദമംഗല്ലൂർ മേഖലയിലെ കണക്കുപറമ്പ് (18), മംഗലശ്ശേരി (19), പുൽപറമ്പ് (20), വെസ്റ്റ് ചേന്ദമംഗല്ലൂർ (21) എന്നീ
ഡിവിഷനുകളിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഇതിന്റെ പേരിൽ ഇവിടെ യു.ഡി.എഫിൽ പ്രശ്നങ്ങളും ആരംഭിച്ചു. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകരും ആം ആദ്മിയും ചേർന്ന് ഇവിടെ ജനകീയ മുന്നണി രൂപീകരിക്കുകയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇടതു മുന്നണിയുടെ പിന്തുണയും ഈ നാലു സീറ്റിലും ഇവർക്കാണ്. ഇവിടങ്ങളിൽ നിലവിലുള്ള ബൂത്ത് കമ്മിറ്റികൾ പിരിച്ചു വിടുകയും വിവരം കെ.പി.സി.സി പ്രസിഡന്റിനെ കത്തു മുഖേന അറിയിക്കുകയും ചെയ്തു. മുക്കം നഗരസഭയിൽ അഞ്ചു വർഷം വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ ഭരണം നടത്തിയ സി.പി.എം ഇപ്പോൾ അവരെ എതിർക്കാൻ യു.ഡി.എഫ് വിമതർ രൂപം നൽകിയ ജനകീയ മുന്നണിയോടൊപ്പം ചേർന്നിരിക്കുകയാണ്.
യു.ഡി.എഫ് മുക്കം മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ ടി.ടി. സുലൈമാൻ, കൺവീനർ ദാവൂദ് മുത്താലം, മറ്റു നേതാക്കളായ ഒ.കെ. ബൈജു, വേണു കല്ലുരുട്ടി എന്നിവർ തന്നെയാണ് വെൽഫെയർ പാർട്ടിയുമായി ധാരണയിലാണെന്ന കാര്യം മുക്കത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
പട്ടികജാതി വനിത പ്രസിഡന്റ്
പക്ഷെ, കോൺഗ്രസിന് വേണ്ട
പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്ത കാരശ്ശേരി പഞ്ചായത്തിൽ പട്ടികജാതി വനിതകൾക്ക്
മത്സരിക്കാൻ സീറ്റ് നൽകാതെ കോൺഗ്രസ്. 18 ൽ 10 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസിൽ പട്ടികജാതി വനിത വിഭാഗത്തിൽ നിന്നുള്ള ഒരാൾ പോലുമില്ലാത്തത് ചർച്ചയായി. ഭരണം ലഭിക്കില്ലെന്ന ഉറപ്പോ, അതൊ ഭരണം കിട്ടിയാൽ അഞ്ചു വർഷവും പ്രസിഡന്റ് പദവി മുസ്ലീം ലീഗിന് നൽകാനുള്ള ഉദ്ദേശമോ എന്നാണ് അണികൾ ചോദിക്കുന്നത്. മുസ്ലിംലീഗ് വിജയസാദ്ധ്യതയുള്ള സീറ്റിൽ ഒരു പട്ടികജാതി വനിതയെ മത്സരിപ്പിക്കുന്നതും ഈ ആക്ഷേപത്തിനു ബലമേകുന്നു. ഭരണം കിട്ടിയാലും പ്രസിഡന്റ് പദവി കോൺഗ്രസിന് ലഭിക്കാൻ അവസരമില്ലാതാക്കിയ നിലപാട് നേതൃത്വം ഇടപെട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ദളിത് കോൺഗ്രസ് ഭാരവാഹികൾ ഡി.സി.സിക്ക് പരാതി നൽകി. ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷനിൽ ദലിത് കോൺഗ്രസിൽ നിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയം അംഗീകരിക്കുകയും ചെയ്തു.