1811ൽ തിരുവിതാംകൂർ ദിവാനായി നിയമിതനായ കേണൽ ജോൺ മൺറോ എന്ന ഇംഗ്ളീഷുകാരനാണ് ബ്രിട്ടീഷ് മാതൃകയിലുള്ള സർക്കാർ സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. തദ്ദേശീയരായ മലയാളികൾക്ക് ഇംഗ്ളീഷ് ഭാഷയിൽ പ്രാവീണ്യമില്ലാതിരുന്ന അവസ്ഥയിൽ മദിരാശിയിൽ നിന്ന് വിദ്യാസമ്പന്നരായ തമിഴ് ബ്രാഹ്മണരെ തിരുവിതാംകൂർ സർക്കാർ സർവീസിൽ നിയമിച്ചുതുടങ്ങി. ഇങ്ങനെ നിയമിതരായ ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെ ബന്ധുക്കളെയും സിൽബന്ധികളെയും സർക്കാർ ഉദ്യോഗങ്ങളിൽ തിരുകികയറ്റിയതോടെ തിരുവിതാംകൂർ സർക്കാർ സർവീസിൽ തമിഴ് ബ്രാഹ്മണരുടെ ആധിപത്യമായി. 19-ാം നൂറ്റാണ്ടിന്റെ പൂർവാർത്ഥത്തിൽ തന്നെ ക്രിസ്ത്യൻ മിഷനറിമാരും സർക്കാരും സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഇംഗ്ളീഷ് ഹൈസ്കൂളുകളും കോളേജുകളും സ്ഥാപിച്ച് തുടങ്ങിയിരുന്നു. ഈ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം നേടിയ മലയാളി യുവാക്കൾ സർക്കാർ സർവീസിലെ തമിഴ് ബ്രാഹ്മണ ആധിപത്യത്തിനെതിരെ ശബ്ദമുയർത്തിയത് സ്വാഭാവികം . പ്രസിദ്ധമായ മലയാളി മെമ്മോറിയൽ സമർപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്. 1891 ജനുവരി 1ന് സമർപ്പിച്ച മലയാളി മെമ്മോറിയൽ കൊണ്ട് നേട്ടമുണ്ടായത് നായർ സമുദായത്തിന് മാത്രമായിരുന്നു. സർക്കാർ സർവീസിലെ തമിഴ് ബ്രാഹ്മണ ആധിപത്യം ക്രമേണ ബ്രാഹ്മണ, നായർ സമുദായങ്ങൾ ഉൾപ്പെടുന്ന സവർണ, ഹിന്ദു ആധിപത്യത്തിന് വഴിമാറി.
സർക്കാരിലും നിയമസഭയിലും നിലനിന്നിരുന്ന സവർണ ഹിന്ദു ആധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ക്രിസ്ത്യൻ, മുസ്ളിം സമുദായങ്ങളുമായി സഹകരിച്ച് 1933 ഫെബ്രുവരിയിൽ ആരംഭിച്ച പ്രക്ഷോഭമാണ് നിവർത്തന പ്രക്ഷോഭണം.
പ്രക്ഷോഭണം 1936 അവസാനത്തോടെ വിജയം കണ്ടു. സർക്കാർ നിയമനങ്ങൾ നീതിയുക്തമാക്കുന്നതിന് വേണ്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ജെ.ഡി. നോക്സിനെ പബ്ലിക് സർവീസ് കമ്മിഷണറായി നിയമിച്ചു. ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ ആദ്യത്തെ പബ്ളിക് സർവീസ് കമ്മിഷനായിരുന്നു അത്. ഇരുപതോളം സീറ്റുകൾ പിന്നാക്ക സമുദായങ്ങൾക്കായി സംവരണം ചെയ്തു.
സാമുദായിക സംവരണം
കേരളത്തിലെ ആകെ ജനസംഖ്യയായ 3.48 കോടിയിൽ 80 ലക്ഷത്തോളം പേർ (23%) ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട മുന്നാക്ക വിഭാഗക്കാരാണ്. മുസ്ളീങ്ങൾ - 90 ലക്ഷം (26%) ഈഴവർ - 84 ലക്ഷം (24%) പട്ടികജാതി - 42 ലക്ഷം (12%) പട്ടികവർഗം - 5 ലക്ഷം (1.5%) ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലെ മറ്റ് പിന്നാക്കക്കാർ - 47 ലക്ഷം (13.5%) എന്നിങ്ങനെ 268 ലക്ഷം (77 %) പിന്നാക്ക സമുദായക്കാർ ക്രീമിലെയർ വ്യവസ്ഥകൾക്ക് വിധേയമായി സാമുദായിക സംവരണത്തിന് അർഹതയുള്ളവരാണ്. പബ്ലിക് സർവീസ് കമ്മിഷൻ വഴി നടത്തുന്ന നിയമനങ്ങളിൽ 50 % മെരിറ്റടിസ്ഥാനത്തിലും 50 % സാമുദായിക സംവരണത്തിന്റെ അടിസ്ഥാനത്തിലുമാണ് നടത്തിവന്നിരുന്നത്. സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മെരിറ്റ് ക്വാട്ടയിൽ നിന്നും ഉദ്യോഗാർത്ഥിയുടെ സമുദായത്തിന് അനുവദിച്ചിട്ടുള്ള സംവരണ ക്വാട്ടയിൽ നിന്നും നിയമനം ലഭിക്കാൻ അർഹതയുണ്ട്. ഉദാഹരണത്തിന്, പട്ടികജാതിയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 50 % മെരിറ്റ് ക്വാട്ടയിൽ നിന്നും 8% സംവരണ ക്വാട്ടയിൽ നിന്നും നിയമനം ലഭിക്കുന്നതാണ്.
സാമ്പത്തിക സംവരണം
മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സാമ്പത്തിക സംവരണം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. 4 ലക്ഷം രൂപയ്ക്ക് താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിൽപ്പെട്ടവർക്കാണ് ഈ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്.
പിന്നാക്ക സമുദായങ്ങൾക്ക് അർഹതയുണ്ടായിരുന്ന 50 % മെരിറ്റ് ക്വാട്ട 40 % ആയി കുറവ് ചെയ്തിരിക്കുന്നു എന്നതാണ് വാസ്തവം.
സാമൂഹ്യനീതിക്കു നിരക്കാത്തത്
80 ലക്ഷത്തോളം വരുന്ന മുന്നാക്ക സമുദായക്കാരിൽ 4 ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ളവരുടെ ജനസംഖ്യ 4 ലക്ഷത്തിന് താഴെ (5ശതമാനം) മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ 4 ലക്ഷം പേർക്കാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ള 10ശതമാനം സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. അതേസമയം, പട്ടികവിഭാഗത്തിലെ 90ശതമാനം പേരും 4 ലക്ഷം രൂപയ്ക്ക് താഴെ മാത്രം വാർഷിക വരുമാനമുള്ളവരാണ്. അതായത് 38 ലക്ഷത്തോളം വരുന്ന പട്ടികജാതിക്കാർക്ക് എട്ട് ശതമാനം ഒഴിവുകളിലേക്ക് സംവരണം ലഭിക്കുമ്പോൾ മുന്നാക്ക സമുദായങ്ങളിലെ 4 ലക്ഷം പേർക്ക് 10ശതമാനം ഒഴിവുകളിലേക്ക് സംവരണം ലഭിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 4 ലക്ഷം രൂപയ്ക്ക് താഴെ വാർഷിക വരുമാനമുള്ള മുന്നാക്ക വിഭാഗത്തിലെ ഉദ്യോഗാർത്ഥിക്ക് അതേ വരുമാനമുള്ള പട്ടികജാതിക്കാരനെക്കാൾ 12 മടങ്ങിലധികം മികച്ച നിയമന സാദ്ധ്യതയാണ് ലഭിച്ചിരിക്കുന്നത്. മുന്നാക്ക സമുദായങ്ങൾക്ക് പിന്നാക്ക സമുദായങ്ങളെക്കാൾ ഇത്രയധികം അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന പരിഷ്കാരം നടപ്പിലാക്കിയത് ഏത് സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിലാണ് ? വിദ്യാർത്ഥി പ്രവേശനത്തിന് സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച സീറ്റുകളിലേക്ക് വേണ്ടത്ര അപേക്ഷകരില്ല എന്ന റിപ്പോർട്ടുകൾ സാമൂഹ്യരംഗത്ത് വരാനിരിക്കുന്ന വിപത്തുകളുടെ സൂചന മാത്രമാണ്.
എയിഡഡ് വിദ്യാലയങ്ങൾ
സംസ്ഥാനത്ത് നിലവിലുള്ള എണ്ണായിരത്തിലധികം എയിഡഡ് വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ, നായർ സമുദായങ്ങളിൽപ്പെട്ട സംഘടനകളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും കീഴിലുള്ള അമ്പതോളം വിദ്യാലയങ്ങളും ദേവസ്വം ബോർഡ്, കെ.പി.എം.എസ് തുടങ്ങി മറ്റ് ചില മാനേജ്‌മെന്റുകളുടെ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളും മാത്രമാണ് ഇതിനൊരു അപവാദമായിട്ടുള്ളത്. എയിഡഡ് വിദ്യാലയങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഒന്നേകാൽ ലക്ഷത്തോളം അദ്ധ്യാപക, അനദ്ധ്യാപക തസ്തികകൾ എല്ലാ അർത്ഥത്തിലും സർക്കാർ ഉദ്യോഗങ്ങൾക്ക് തുല്യമായ തസ്തികകളാണ്. സർക്കാർ ഖജനാവിൽ നിന്ന് നേരിട്ടാണ് എയിഡഡ് ജീവനക്കാരുടെ ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും നൽകുന്നത്. ഒരു വ്യത്യാസമുള്ളത് നിയമനത്തിന്റെ കാര്യത്തിൽ മാത്രമാണ്. സർക്കാർ നിയമനങ്ങൾ സാമുദായിക സംവരണം പാലിച്ചുകൊണ്ട് പി.എസ്.സി നടത്തുമ്പോൾ എയിഡഡ് നിയമനങ്ങൾ പ്രധാനമായും സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തിൽ സ്വകാര്യ മാനേജ്‌മെന്റുകളാണ് നടത്തുന്നത്. അതായത് എയിഡഡ് ജീവനക്കാർക്കായി സർക്കാർ ഖജനാവിൽ നിന്ന് വർഷംതോറും ചെലവിടുന്ന 15,000 കോടിയോളം രൂപയുടെ സിംഹഭാഗവും മൂന്ന് പ്രബല സമുദായങ്ങൾക്ക് മാത്രം പങ്കുവച്ച് നൽകുകയാണ് ചെയ്യുന്നത്. എയിഡഡ് നിയമനങ്ങളിൽ നിന്ന് ഏതാണ്ട് പൂർണമായി ഒഴിവാക്കപ്പെട്ട പട്ടിക വിഭാഗക്കാർക്ക് സർക്കാർ ചെലവിടുന്ന 15000 കോടിയിൽ നിന്ന് ലഭിക്കുന്ന വിഹിതം ഏതാണ്ട് വട്ടപൂജ്യമാണ്. ലോകത്ത് മറ്റൊരു പരിഷ്കൃത സമൂഹത്തിലും കാണാൻ സാധിക്കാത്ത ഈ കാട്ടുനീതിക്ക് മാറി മാറി വരുന്ന ഇടത് വലത് സർക്കാരുകൾ എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്നു .
തൊള്ളായിരത്തി മുപ്പതുകളിൽ നടന്ന നിവർത്തന പ്രക്ഷോഭണത്തിന്റെ മാതൃകയിൽ ഒരു സംഘടിത ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ സാമൂഹ്യരംഗത്ത് നിലനിൽക്കുന്ന അനീതിയും അരാജകത്വവും അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ.
(മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണറാണ് ലേഖകൻ)