ഏറെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ജോ ബൈഡൻ അമേരിക്കയുടെ നാല്പത്താറാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയ്ക്കു ഒന്നാകെ അഭിമാനിക്കാൻ പാകത്തിൽ കമലാഹാരിസ് വൈസ് പ്രസിഡന്റായും ഒപ്പമുണ്ട്. കമല ജനിച്ചതും വളർന്നതുമൊക്കെ അമേരിക്കയിലാണെങ്കിലും അറുത്തുമാറ്റാനാവാത്തവിധം ഇന്ത്യൻ മണ്ണിൽ വേരുകളുള്ളതാണ് കമലയുടെ പൈതൃകം. അതുകൊണ്ടുതന്നെ അവരുടെ ഈ സ്ഥാനലബ്ധി എല്ലാ അർത്ഥത്തിലും ഇന്ത്യക്കാർക്ക് ഒന്നടങ്കം ആഹ്ലാദം നൽകുന്നതാണ്. അമേരിക്കയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടാണ് ഒരു വനിത - അതും കുടിയേറ്റ വംശജരിൽ നിന്ന് - വൈറ്റ് ഹൗസിലെത്തുന്നതെന്നത് ചരിത്രരേഖയുമായിരിക്കുകയാണ്.
അടുത്ത ജനുവരി 20-ന് ബൈഡൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതോടെ അമേരിക്ക പുതിയൊരു ഭാവിയിലേക്കാകും പ്രവേശിക്കുക. നാലുവർഷത്തെ ട്രംപ് ഭരണം അമേരിക്കയെ പല നിലകളിൽ വിഭാഗീയവത്‌കരിച്ചിരുന്നു. ആധുനിക ലോകത്തിന് പൊരുത്തപ്പെടാനാവാത്ത ചിന്തകളും സമീപനവും കൊണ്ട് ഡൊണാൾഡ് ട്രംപ് രാജ്യത്ത് അപരിഹാര്യമായ വിടവുകൾ സൃഷ്ടിച്ചിരുന്നു. അതുകൊണ്ടാകണം അമേരിക്കയുടെ ഒരുമയും ഐക്യവും വീണ്ടെടുക്കുക എന്നതാകും തന്റെ മുഖ്യകർത്തവ്യമെന്ന് ബൈഡൻ പലതവണ പറഞ്ഞുവച്ചത്. വോട്ടെണ്ണൽ കഴിഞ്ഞതോടെ ഡെമോക്രാറ്റ് പക്ഷവും റിപ്പബ്ളിക്കൻ പക്ഷവുമെന്ന വേർതിരിവ് തീർത്തും ഇല്ലാതായിക്കഴിഞ്ഞു. ഇനി അമേരിക്കക്കാർ മാത്രം എന്നതാകണം ചിന്ത. അമേരിക്ക പതിറ്റാണ്ടുകളായി പിന്തുടരുന്ന ജനാധിപത്യ മര്യാദയും വിശാല കാഴ്ചപ്പാടും ട്രംപ് ഭരണം സൃഷ്ടിച്ച മുറിവുകളുണക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ തനിക്ക് അശേഷം സംശയമില്ലെന്ന ബൈഡന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമായി. വോട്ടെടുപ്പിൽ പ്രകടമായ വേർതിരിവുകളുടെ സ്ഥാനത്ത് അമേരിക്കയെ ഒന്നായി മാത്രം കാണുന്ന സമീപനമാകും പുതിയ ഭരണകൂടത്തിൽ നിന്ന് ഉണ്ടാവുക എന്ന ബൈഡന്റെ പ്രഖ്യാപനം ഭരണമാറ്റത്തിന്റെ ദിശാസൂചിക തന്നെയാകട്ടെ.
ലോകത്തെ മാറ്റിമറിച്ച കൊവിഡ് മഹാമാരിയുടെ ഏറ്റവും വലിയ ഇരയായി അധികാരം ഒഴിയേണ്ടിവരുന്ന ട്രംപിനെ വിശേഷിപ്പിക്കാം. ഒരർത്ഥത്തിൽ മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കാണിച്ച വിവേകശൂന്യമായ നടപടികളും ചെയ്തുകൂട്ടിയ വങ്കത്തരങ്ങളും തന്നെയാണ് ട്രംപിനെ കടപുഴക്കി എറിഞ്ഞതെന്നു പറയാം. വൈറസ് ബാധയെ തടയാൻ ലോക ജനത ഒന്നടങ്കം മാസ്ക് ധരിച്ചപ്പോഴും അതിന്റെ യാതൊരാവശ്യവുമില്ലെന്നും കൊവിഡിനെ കെട്ടുകെട്ടിക്കാനും അമേരിക്കയ്ക്ക് ഒരു പ്രയാസവുമില്ലെന്നും വീമ്പിളക്കി നടക്കുകയായിരുന്നു അദ്ദേഹം. ഒടുവിൽ കൊവിഡ് ബാധിച്ചതിനുശേഷവും സമീപനം മാറ്റാൻ അദ്ദേഹം കൂട്ടാക്കിയില്ല. ബൈഡനുമായുള്ള ടിവി സംവാദത്തിന് മാസ്ക് ധരിക്കാതെ എത്തി വളരെയധികം വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. കൊവിഡ് മഹാമാരി തുറന്നുവിട്ടുവെന്ന് ചൈനയെ അധിക്ഷേപിക്കുക മാത്രമല്ല, ചൈനീസ് പക്ഷപാതം ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് പോലും നിറുത്തലാക്കി. ലോകത്തിൽ വച്ചുതന്നെ കൊവിഡ് ബാധിച്ച് ഏറ്റവുമധികം പേർക്ക് (രണ്ടര ലക്ഷത്തോളം) ജീവഹാനി നേരിട്ടത് അമേരിക്കയിലായിട്ടും തങ്ങളുടെ അമിതമായ വിഭവവും ശാസ്ത്രജ്ഞാനവുമൊന്നും മഹാമാരി തടയാൻ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഒരു പ്രധാന കാരണമാണ്. വിവേചനവും വർണവെറിയും പ്രകടമാക്കിയ ഒട്ടേറെ സംഭവങ്ങൾക്ക് ട്രംപ് ഭരണം സാക്ഷ്യം വഹിച്ചു. കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കിയതിലൂടെ ലക്ഷക്കണക്കിനു കുടിയേറ്റക്കാർക്കും തൊഴിൽ വിസക്കാർക്കും ഒരുപാടു കഷ്ടനഷ്ടങ്ങളുണ്ടായി. തിരഞ്ഞെടുപ്പിൽ പരാജയം തീർച്ചയായ ഘട്ടത്തിൽ പോലും അത് അംഗീകരിക്കാനോ അമേരിക്കൻ ജനതയുടെ മനസ്സറിയാനോ ട്രംപ് കൂട്ടാക്കിയില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുവട്ടം മത്സരിച്ച് പരാജയപ്പെട്ടിട്ടുള്ള ബൈഡന് ഇപ്പോഴത്തെ വിജയം അമേരിക്കയെ ശരിയായ ദിശയിലേക്കു നയിക്കാനുള്ള അവസരമാണ് പ്രദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാലുവർഷം രാജ്യം ഒട്ടുമിക്ക മേഖലകളിലും വലിയ തിരിച്ചടികൾ നേരിടേണ്ടിവന്നു. ഏറ്റവും ഒടുവിൽ കൊവിഡും വലിയ വിനയായി മാറി. ലക്ഷക്കണക്കിനുപേർ തൊഴിൽരഹിതരായി. ഉത്‌പാദന മേഖലയിലെ വൻ ഇടിവ് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമായി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയിലെ ഭരണമാറ്റം പതിവിലേറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ട്രംപ് ഭരണകാലത്ത് ഇന്ത്യയോടുള്ള സമീപനത്തിൽ അസുഖകരമായ സന്ദർഭങ്ങൾ പൊതുവേ കുറവായിരുന്നു എന്നതു വസ്തുതയാണ് ..പാകിസ്ഥാനും ചൈനയും സൃഷ്ടിച്ചുകൊണ്ടിരുന്ന ദുർഘടങ്ങളിൽ അമേരിക്ക ഇന്ത്യയ്ക്ക് ഒരളവോളം രക്ഷാകവചവുമായിരുന്നു. തൊഴിൽ കുടിയേറ്റ നിയമഭേദഗതികളുടെ കാര്യത്തിലാണ് ട്രംപ് ഭരണകൂടം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏറെ വിഷമതകളുണ്ടാക്കിയത്. വിഭാഗീയ സമീപനവും ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുമായി നല്ല ബന്ധത്തിൽ കഴിയാനാകും പുതിയ പ്രസിഡന്റിനും താത്‌പര്യം എന്നാണു കരുതേണ്ടത്. ട്രംപിന് എന്തൊക്കെ കുറവുകളുണ്ടായിരുന്നെങ്കിലും ഇന്ത്യയുമായി നല്ല സൗഹൃദം നിലനിറുത്താൻ ശ്രമിച്ചിരുന്നു. കാശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥനാകാൻ പരിധി വിട്ടും ട്രംപ് മുന്നോട്ടുവന്നത് ഇന്ത്യ ഒന്നിലേറെ തവണ തള്ളിക്കളഞ്ഞതാണ്. എങ്കിലും അതിരുവിട്ട ഇത്തരം സമീപനം ഉഭയകക്ഷി ബന്ധത്തെ അലോസരപ്പെടുത്തിയിരുന്നില്ല. നിയുക്ത പ്രസിഡന്റ് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി നേരത്തെ മുതൽ ഇന്ത്യയോട് അനുഭാവം പുലർത്തുന്ന കക്ഷിയാണ്. നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്ത്യൻ വംശജയാണെന്നത് ബന്ധങ്ങൾ കൂടുതൽ ഊട്ടിഉറപ്പിക്കാൻ നിമിത്തമാകേണ്ടതാണ്. ഈ സ്ഥാനലബ്ധി തന്നെ അമേരിക്ക വർഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പിന്തുടരുന്ന വർണ വിവേചനത്തിൽ നിന്നുള്ള വിപ്ളവകരമായ മാറ്റമായി കണക്കാക്കാം. കുടിയേറ്റ വംശജരെ രണ്ടാം തരം പൗരന്മാരായി ഗണിക്കുന്ന വംശാധിപത്യത്തോടുള്ള നിശ്ശബ്ദ പോരാട്ടം കൂടിയാണ് കമലയിലൂടെ സാധിതമായത്. നാലു വർഷം കഴിഞ്ഞ് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള നിയോഗം കൂടിയാണ് കമലയിൽ വന്നുചേർന്നിരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന നിലയിൽ മാത്രമല്ല, ആദ്യ കുടിയേറ്റക്കാരിയായും കമല ഇപ്പോൾ ഉയർന്നിരിക്കുകയാണ്. കാര്യങ്ങൾ അനുകൂലമെങ്കിൽ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യ വനിതാ പ്രസിഡന്റ് എന്ന പരമോന്നത നേട്ടവും കമലയുടേതാകുമെന്നു കരുതാം. അതിനുള്ള ഭാഗ്യവും നിയോഗവും തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരം എന്ന ഗ്രാമത്തിൽ നിന്നുള്ള കമലയ്ക്ക് കൈവരുമെന്നു പ്രതീക്ഷിക്കാം. അമേരിക്ക ഒരുപാടു സാദ്ധ്യതകളുള്ള നാടാണെന്ന് ബൈഡന്റെ വിജയ പ്രഖ്യാപന റാലിയിൽ കമല നടത്തിയ പ്രസംഗം വലിയൊരു സന്ദേശം തന്നെയാണ്.