ele

തിരുവനന്തപുരം:കൊവിഡ് കാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നോട്ടുമാല, ഹാരം, സ്വീകരണം, ജാഥകൾ പാടില്ല. എന്നാലും പ്രചാരണച്ചെലവിൽ കാര്യമായ കുറവുണ്ടാവില്ല സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും ചുവരെഴുത്തുകൾക്കും ചെലവേറും.

പ്രചാരണത്തിന് കളർ പോസ്റ്റർ വേണം. ബാനറുകളും ചുവരെഴുത്തുകളും പ്രചാരണബൂത്തുകളും വേണം. സ്ഥാനാർത്ഥി അഞ്ചിൽ താഴെ അനുയായികളുമായി മണ്ഡലത്തിൽ ചുറ്റിത്തിരിയണം. അനൗൺസ്‌മെന്റ് നിർബന്ധം. ഗ്രാമങ്ങളിൽ ഒരുവാർഡ് ഒന്നര ചതുരശ്ര കിലോമീറ്റർ വരും. 1200 മുതൽ രണ്ടായിരത്തോളം വോട്ടർമാരുണ്ടാകും. ഭവന സന്ദർശനത്തിന് ടീമുകൾ വേണ്ടെങ്കിലും വോട്ടർമാരെയെല്ലാം വാട്സ്ആപ്പിലും ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാമായി നിരന്തരം ബന്ധപ്പെടാനും പരസ്യങ്ങൾക്കുമായി സൈബർ ടീമിനെ ഉണ്ടാക്കേണ്ടിവരും. അഞ്ചു പേരുടെ ടീമുണ്ടാക്കിയാൽ പോലും ദിവസം 2500 രൂപ വീതം മൂന്നാഴ്ച ചെലവ് വരും. അവരുടെ ഭക്ഷണമടക്കമുള്ള ചെലവും വരും. ലാപ്ടോപ്പ് വാടകയ്ക്ക് എടുക്കണം. മൊബൈൽ ഫോൺ വാങ്ങണം. ഒാരോ ഇനവും കൂട്ടുമ്പോൾ ചെലവ് കത്തിക്കയറും. ഗ്രാമതലത്തിൽ കാൽ ലക്ഷം രൂപയാണ് ചെലവ് പരിധിയെങ്കിലും, ഒരു ലക്ഷമെങ്കിലും വരുമെന്ന് സ്ഥാനാർത്ഥികൾ സമ്മതിക്കുന്നു. നഗരസഭകളിൽ ചെലവ് ഇതിന്റെ മൂന്നിരട്ടി വരും.

സ്ഥാനാർത്ഥികളുടെ ചെലവ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷിക്കും. കേരള പഞ്ചായത്ത് രാജ് ആക്ടിലെ 33, മുനിസിപ്പാലിറ്റി ആക്ടിലെ 89 വകുപ്പുകളനുസരിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിശ്ചിത സമയത്തിനുള്ളിൽ കമ്മിഷന് സമർപ്പിക്കണം. അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് അയോഗ്യരാവും.

സ്ഥാനാർത്ഥികളുടെ

ചെലവ് പരിധി (ബ്രായ്ക്കറ്റിൽ പഴയ നിരക്ക്)

*ഗ്രാമപഞ്ചായത്ത് -25000 - (10000)

*ബ്‌ളോക്ക് പഞ്ചായത്ത്

,മുനിസിപ്പാലിറ്റി - 75000 -30000

*ജില്ലാ പഞ്ചായത്ത് ,

കോർപറേഷൻ -1.50ലക്ഷം -60000 )

തിരഞ്ഞെടുപ്പ്

നടത്തിപ്പ് ചെലവ് -180 കോടി

കൊവിഡ്

അധികച്ചെലവ് -15കോടി

ഗ്രാമ പഞ്ചായത്തിൽ

ശരാശരി ചെലവ് (രൂപ)

പോസ്റ്റർ -2000

ചുവരെഴുത്ത് -5000

നോട്ടീസ് - 5000

സ്റ്റിക്കർ - 3000

അനൗൺസ്മെന്റ് - 15000

ഭവന സന്ദർശനം - 10000

സാമൂഹ്യമാദ്ധ്യമം - 50000

വാഹനച്ചെലവ് -10000

ആകെ -100000