കിളിമാനൂർ: കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പിന്റെ സ്വഭാവത്തിലും പ്രചാരണരീതികളിലും കാതലായ മാറ്റങ്ങൾ സംഭവിച്ചപ്പോഴും മാറാതെയുള്ളത് വിരൽത്തുമ്പിലെ മഷി മാത്രം. ഇടതുകൈയിലെ ചൂണ്ടുവിരലിൽ തിരഞ്ഞെടുപ്പിന്റെ മഷി പുരളുമ്പോൾ മഹത്തായ ജനാധിപത്യ പ്രക്രിയയുടെ അനുഭൂതിയാണ് ഓരോ വോട്ടർക്കും ലഭിക്കുന്നത്.
സാങ്കേതികവിദ്യ ഇത്രയേറെ വളർന്നിട്ടും എന്തുകൊണ്ടാണ് ചൂണ്ടുവിരലിൽ മഷി പുരട്ടുന്ന പരമ്പരാഗത ശൈലിക്ക് മാത്രം മാറ്റം വരാത്തതെന്നു ചിന്തിക്കുന്നവരുണ്ടാകും. ചിന്തിച്ചാലൊരു അന്തവുമില്ല എന്നതാണ് മറുപടി. മായ്ക്കാനാവാത്ത മഷി എന്നാണ് വിളിപ്പേരെങ്കിലും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലടക്കം വിരലിലെ മഷി വേഗം മായ്ച് കള്ളവോട്ടിനു ശ്രമിച്ച സംഭവങ്ങളുണ്ട്. വിരലിലെ മഷി മായ്ക്കാൻ പലവിധ തന്ത്രങ്ങൾ പാർട്ടി വികാരം അസ്ഥിക്ക് പിടിച്ച പ്രവർത്തകർ പയറ്റാറുണ്ടെങ്കിലും അത്ര പെട്ടെന്ന് കീഴടക്കാനാകാത്ത ഈ മഷിക്ക് പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്.
ചരിത്രം ഇങ്ങനെ
1962 ലാണ് വോട്ടുചെയ്തവരെ തിരിച്ചറിയുന്നതിനായി വിരലിൽ മഷി പുരട്ടി തുടങ്ങിയത്. 1999ൽ ബാലറ്റ് പെട്ടി മാറി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വന്നിട്ടും ചൂണ്ടുവിരലിൽ മഷി പുരട്ടുന്ന രീതി തുടർന്നു. പൊതുമേഖലാ സ്ഥാപനമായ മൈസൂർ പെയിന്റ് ആൻഡ് വാർണിഷസ് ലിമിറ്റഡ് (എം.പി.വി.എൽ )കമ്പനിയാണ് ഈ മഷി നിർമ്മിക്കുന്നത്. ആദ്യ കാലഘട്ടങ്ങളിൽ പാർലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകൾക്കാണ് മഷി ഉപയോഗിച്ചിരുന്നത്. പിന്നീട് മുനിസിപ്പൽ സഹകരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കും ഇത് ഉപയോഗിക്കാൻ തുടങ്ങി. കൈയിൽ പുരട്ടിയാൽ 40 സെക്കൻഡുകൾ കൊണ്ട് മഷി ഉണങ്ങി പിടിക്കുമെന്നാണ് നിർമ്മാതാക്കളുടെ വാദം. ഒരു സെക്കൻഡ് കൈയിൽ പറ്റിയാലും മഷിയുടെ അടയാളം അവശേഷിപ്പിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന സിൽവർ നൈട്രേറ്റ് ആണ് ഉണങ്ങി പിടിക്കാൻ സഹായിക്കുന്നത്. പോളിയോ മരുന്ന് കൊടുത്ത കുട്ടികളെ തിരിച്ചറിയാനും ഇതേ മഷി തന്നെയാണ് ഉപയോഗിക്കുന്നത്. കുട്ടികൾ കൈ വായിൽ വയ്ക്കുമെന്നതിനാൽ ആ മഷിയിൽ ഉപയോഗിക്കുന്ന സിൽവർ നൈട്രേറ്റിന്റെ അളവ് കുറവായിരിക്കും.
അജയ്യനല്ല
മഷി മായ്ക്കാനുള്ള രാസവസ്തുക്കൾ സുലഭമാണെന്നും ഇവ ഉപയോഗിക്കപ്പെടുന്നതായും മിക്ക തിരഞ്ഞെടുപ്പുകളിലും ആക്ഷേപം ഉയരാറുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഉത്തരേന്ത്യയിലെ നിരവധി വോട്ടർമാർ മഷി വേഗം മാഞ്ഞു പോയതായി ഇലക്ഷൻ കമ്മിഷനെ അറിയിച്ചിരുന്നു. നെയിൽ പോളിഷ് റിമൂവർ കൊണ്ട് മഷി മായ്ക്കാൻ സാധിക്കുന്നതായി പലരും വീഡിയോ അടക്കം പങ്കുവച്ചിരുന്നു.
അതീവ രഹസ്യം
വോട്ട് മഷിയുടെ രാസക്കൂട്ട് ഇപ്പോഴും വ്യക്തമല്ല. ഇന്ത്യയ്ക്ക് പുറമേ 26 വിദേശ രാജ്യങ്ങളിൽ എം.പി.വി.എല്ലിന്റെ മഷി ഉപയോഗിക്കുന്നുണ്ട്. രണ്ടാഴ്ചയോളം മായാതെ നിൽക്കുന്ന മഷിയുടെ രഹസ്യം അറിയാൻ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. മഷിയിൽ സിൽവർ നൈട്രേറ്റ് അടങ്ങിയിട്ടുണ്ടെന്നു മാത്രമാണ് ആകെ വ്യക്തമായത്. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ മഷിയിൽ പതിക്കുന്നതോടെ നീല മഷി കറുപ്പ് നിറമായി ആഴ്ചകളോളം ത്വക്കിലും നഖത്തിലും പറ്റിപ്പിടിച്ചിരിക്കും. അഞ്ച് മില്ലി ലിറ്റർ മഷി 300പേരുടെ കൈയിൽ പുരട്ടാമെന്നാണ് കണക്ക്.