കാസർകോട്: ബന്തിയോട് അഡ്ക്കയിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റിൽ. കുപ്രസിദ്ധ ക്രിമിനൽ ഉളിയത്തടുക്ക സ്വദേശി സമദാനി (28) യെയാണ് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്പെക്ടർ പ്രമോദ്, ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണൻ, നാരായണൻ, പൊലീസുകാരായ രാജേഷ്, ഓസ്റ്റിൻ, ഷനീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഇയാൾക്ക് കാസർകോട്, വിദ്യാനഗർ, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലായി എട്ടിലധികം കേസുകൾ നിലവിലുണ്ട്. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, കഞ്ചാവ് കേസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞദിവസം ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ പൊലീസ് വാഹനത്തിനു നേരെ വണ്ടി ഇടിച്ചു കയറ്റി ഇയാൾ രക്ഷപ്പെട്ടിരുന്നു . ബാക്കിയുള്ള പ്രതികൾക്കു വേണ്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉർജിതമായ തിരച്ചിൽ നടത്തിവരികയാണ്.