തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ ന്യൂജെൻ കോഴ്സുകൾ അനുവദിച്ചപ്പോൾ ബയോകെമിസ്ട്രിയെ തഴഞ്ഞതായി വിദ്യാർത്ഥികൾ. ബയോകെമിസ്ട്രി ബിരുദ കോഴ്സുകൾ ചില കോളജുകളിൽ ഉണ്ടെങ്കിലും കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാമ്പസിൽ മാത്രമാണ് എം.എസ്‌സി ബയോകെമിസ്ട്രി ഉള്ളത്. അതും 20 സീറ്റുകൾ മാത്രം. ചില സ്വകാര്യ കോളേജുകളിൽ ഉണ്ടെങ്കിലും വൻ തുകയാണ് ഫീസ്.
സംസ്ഥാനത്തെ 47 സർക്കാർ കോളേജുകളിലായി 49 കോഴ്സുകളാണ് പുതുതായി അനുവദിച്ചത്. ഇതിൽ തന്നെ അഞ്ച് കോളേജുകളിൽ പൊളിറ്റിക്കൽ സയൻസും ആറിടത്ത് ഇംഗ്ലീഷും ആറിടത്ത് കൊമേഴ്സും അഞ്ചിടത്ത് ഇക്കണോമിക്സും മൂന്ന് കോളേജുകളിൽ ചരിത്രവുമാണ് അനുവദിച്ചത്.യൂണിവേഴ്സിറ്റി കോളേജിൽ അനുവദിച്ച എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, മഹാരാജാസ് കോളേജിലനുവദിച്ച എം.എസ്‌സി ഇന്റഗ്രേറ്റഡ് സൈക്കോളജി, കണ്ണൂർ ഗവൺമെന്റ് വിമൻസ് കോളേജിൽ അനുവദിച്ച എം.എസ്‌സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി എന്നിവയാണ് പുതിയ സയൻസ് കോഴ്സുകൾ. ഇതിൽ യൂണിവേഴ്സിറ്റി കോളേജിൽ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സുണ്ട്.
സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ ബയോകെമിസ്ട്രിയിൽ എം.എസ്‌സി വേണമെന്ന ആവശ്യം കാലങ്ങളായി വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്.ബി.എസ്‌സി ബയോകെമിസ്ട്രിയുള്ള കോളേജുകളിൽ ലാബും മറ്റ് സൗകര്യങ്ങളും ഉണ്ടെങ്കിലും പി.ജി കോഴ്സ് അനുവദിക്കാതെ തഴയുകയായിരുന്നു. തിരുവനന്തപുരത്ത് മാത്രം നാല് കോളേജുകളിൽ ബയോകെമിസ്ട്രിയിൽ ബിരുദ കോഴ്സുണ്ട്. പത്ത് വർഷമായി രസതന്ത്രത്തിനും ഫിസിയോളജി ആൻഡ് മെഡിസിനും നോബൽ സമ്മാനം നേടുന്നവരിൽ ബഹുഭൂരിപക്ഷവും ബയോകെമിസ്ട്രി ഗവേഷകരാണെന്ന പ്രധാന്യം എടുത്തുകാട്ടിയാണ് വിദ്യാർത്ഥികൾ പി.ജി കോഴ്സ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.