kappan

തിരുവനന്തപുരം : യു.പി സർക്കാർ അനധികൃതമായി തടവിലാക്കിയ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് സിദ്ദിഖിന്റെ ഭാര്യ റൈഹാനത്ത് വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.സിദ്ദിഖ് കാപ്പന് യു.പി ജയിലിൽ ചികിത്സയും ഭക്ഷണവും നിഷേധിക്കുന്നതായും റൈഹാനത്ത് പറഞ്ഞു.

പ്രമേഹരോഗിയായ സിദ്ദിഖിന് മരുന്നുകൾ നൽകുന്നില്ല. കൃത്യമായി ഭക്ഷണവും ലഭിക്കുന്നില്ലെന്നാണ് വിവരം. ഒക്ടോബർ 5 ന് ഡൽഹിയിൽ നിന്നും ഹാഥ്രസിലേക്കുള്ള യാത്രക്കിടയിലാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒരു മാസമായി തടവിലായ സിദ്ദിഖിനെ അഭിഭാഷകനെയോ, കുടുംബത്തെയോ കാണാൻ അനുവദിക്കുന്നില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത്.തങ്ങൾ സഹായം ആവശ്യപ്പെട്ട് വയനാട് എം.പിയായ രാഹുൽ ഗാന്ധിക്ക് നൽകിയ അപേക്ഷയെ വളച്ചൊടിച്ചാണ് യു.പി മുഖ്യമന്ത്രി പ്രസ്താവന ഇറക്കിയതെന്നും റൈഹാനത്ത് സിദ്ദിഖ് പറഞ്ഞു.

കെ.യു.ഡബ്‌ളിയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റജി, സിദ്ദിഖ്കാപ്പൻ ഐക്യദാർഢ്യ സമിതി നേതാക്കളായ സോണിയ ജോർജ്, ശ്രീജ നെയ്യാറ്റിൻകര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.