കല്ലമ്പലം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും മണമ്പൂർ, ഒറ്റൂർ മേഖലകളിൽ വ്യാപക നാശം. ഒറ്റൂർ വെട്ടിമൺകോണം കളിവിളാകം ക്ഷേത്രത്തിനു സമീപം താബൂക്ക് കമ്പനിയുടെ മേൽക്കൂര തകർന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. സമീപത്തെ മരങ്ങൾ ഒടിഞ്ഞുവീണ് ഇലക്ട്രിക് ലൈൻ പൊട്ടി വീണു. കുലയ്ക്കാൻ പാകത്തിലുള്ള വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. മണമ്പൂർ ആഴാംകോണം മുല്ലമംഗലത്ത് വീടിന്റെ മുകളിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു. മൂന്ന് വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു. പത്തോളം മരങ്ങളാണ് കടപുഴകിയത്. ആറ്റിങ്ങൾ ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വളരെവേഗം ഗതാഗതം പുനഃസ്ഥാപിച്ചു. കെ.എസ്.ഇ.ബിയും ഫയർഫോഴ്സും സംയുക്തമായി പ്രവർത്തിച്ചതോടെ മുടങ്ങിയ വൈദ്യുതി ബന്ധം വേഗത്തിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.