eee

തിരുവനന്തപുരം: ' രമണി അക്കനല്ലെ ?​ ' ഓ തന്നെ നിങ്ങൾ ആരാണ് ?​ ഫോൺ വിളിച്ച പുരുഷൻ പരിചയപ്പെടുത്തുന്നു. ' അക്കൻ ഇപ്പം എവിടെ ?​' നിനക്കറിയില്ലേ കൽക്കുളത്തെ വീട്ടിലുണ്ട്. വിളിച്ച കാരിയം പറയീൻ..' ( ഇവർ പണ്ട് ഒരേ നാട്ടുകാരായിരുന്നു. രമണിയെ വിവാഹം കഴിച്ചുകൊണ്ടുപോയത് തമിഴ്നാട്ടിലാണ്). ' അടുത്ത മാസം എട്ടാം തീയതിയാണ് ഇലക്ഷൻ. ഇങ്ങോട്ടു വരില്ലേ ?​' എനിക്ക് ഇവിടെയാണ് വോട്ട്. ' അക്കന് ഇവിടേയും വോട്ടുണ്ട്. അതൊക്കെ നമ്മൾ ശരിയാക്കിയിട്ടുണ്ട്. നമ്മുടെ അണ്ണനാണ് സ്ഥാനാർത്ഥി.' ഇപ്പം വന്നിട്ട് പോയതല്ലേ ഒള്ളൂ. എപ്പഴുമെപ്പഴും വരാൻ പൈസച്ചെലവില്ലേ..' ''അക്കൻ വരാമെന്ന് സമ്മതിച്ചാൽ മതി വണ്ടി നമ്മള് വിട്ട് തരാം..'' ഇലക്ഷൻ പ്രമാണിച്ച് ഇതുപോലെയുള്ള സംഭാഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള പഞ്ചായത്തുകളിൽ നിന്നാണ് ഇത്തരം വിളികൾ അതിർത്തി കടന്നുപോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടികയിലേക്ക് ഇരട്ട വോട്ടർമാരെ മുന്നണികൾ മത്സരിച്ച് തിരുകി കയറ്റിയിട്ടുണ്ടത്രേ. തമിഴ്നാട്ടിലും കേരളത്തിലും വോട്ട‌ർപട്ടികയിൽ പേരുള്ളവരാണ് ഇരട്ട വോട്ടർമാർ. ഇതിൽ കൂടുതലും സ്ത്രീകളാണ്. പലരും വിവാഹം കഴിച്ചശേഷം തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയവരാണ്. ഇവിടെ വോട്ടേഴ്സ് ലിസ്റ്റിലെന്നപോലെ റേഷൻ കാർഡിലും പേരുകാണും. അവരിൽ ചിലർക്ക് തിരഞ്ഞെടുപ്പ് കാലത്ത് ഡിമാൻഡ് ഏറുമെന്ന് നന്നായി അറിയാം. അത് കൃത്യമായി അവർ മുതലാക്കുകയും ചെയ്യും. തിരുവനന്തപുരത്തുമാത്രമല്ല, കൊല്ലം,​ പത്തനംതിട്ട,​ ഇടുക്കി,​ പാലക്കാട്,​ മലപ്പുറം ജില്ലകളിലെ അതിർത്തി പഞ്ചായത്തുകളിൽ ഇരട്ടവോട്ടുകൾ നിർണായകമാകും. ചുരുക്കി പറഞ്ഞാൽ ലോഡ് കണക്കിന് വോട്ടായിരിക്കും തമിഴ്നാട്ടിൽ നിന്നുമെത്തുന്നത്. കൊവിഡ് തമിഴ്നാട്ടിൽ കടുത്തപ്പോൾ ഇവിടെ എത്തുകയും പിന്നീട് ഇവിടം വിട്ട് തമിഴ്നാട്ടിലേക്ക് തിരികെ പോയവരെയെല്ലാം തിരഞ്ഞെടുപ്പ് നാളിനു മുമ്പ് കുടുംബത്തിലെത്തിക്കാനാണ് രാഷ്‌ട്രീയപാർട്ടികളുടെ നീക്കം.