തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക നവംബർ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി ഇന്നലെ നടന്ന ചർച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുൻപോ 18 വയസ് പൂർത്തിയാക്കുന്ന എല്ലാവരും അർഹരായിരിക്കും. കരട് വോട്ടർ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികൾ അറിയിക്കാനും ഡിസംബർ 15വരെ സമയമുണ്ട്. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ജില്ലാ കളക്ടർമാർക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ നൽകിയിരുന്നു. കരടു വോട്ടർ പട്ടിക www.nvsp.in ൽ പരിശോധിക്കാം.