പൂവാർ: പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരമേഖലയിൽ കുടിവെള്ളം കിട്ടാക്കനിയായിയിട്ട് നാളുകളേറെ.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് പൊതുടാപ്പുകളിൽ വെള്ളമെത്തുന്നത്. ഓരോ ടാപ്പിന് മുന്നിലും വെള്ളം വരുന്നതും കാത്ത് നൂറുകണക്കിന് കുടങ്ങളുമായി നാട്ടുകാർ കാത്തിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിലുള്ള സാമൂഹ്യഅകലം ഉറപ്പാക്കാൻ പോലും വെള്ളമെത്തുന്ന ദിവസങ്ങളിൽ സാധിക്കുന്നില്ല.
മാസ്കും സാമൂഹ്യ അകലവും നോക്കിയിരുന്നാൽ കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളുടെ തീരമേഖലയിലാണ് സ്ഥിതി ഏറെ ഗുരുതരം. പമ്പിംഗ് മുടങ്ങുന്നതിനൊപ്പം അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലും ജലവിതരണത്തെ ബാധിക്കുന്നുണ്ട്.
കരിച്ചൽ വാട്ടർ സപ്ലൈ സ്കീമിൽ നിന്നുള്ള വെള്ളമാണ് കിഴക്കോട്ട് പൂവാർ വരെയും പടിഞ്ഞാറ് അടിമലത്തുറവരെയും എത്തുന്നത്. എന്നാൽ ഇപ്പോൾ ഒരു പമ്പ് മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതാണ് എല്ലാ ദിവസവും ജലവിതരണം നടത്താൻ കഴിയാത്തതിന് കാരണമായി ജീവനക്കാർ പറയുന്നത്. കരിച്ചലിലേത് നോർമൽ പമ്പിംഗ് ആയതിനാൽ പലപ്പോഴും ചെളി കലർന്ന വെള്ളമാണ് പൈപ്പിലൂടെ വരുന്നതെന്നും ആക്ഷേപമുണ്ട്.
കുമിളി പദ്ധതിയും പാളി
തീരമേഖലയിൽ ശുദ്ധജലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 16 കോടി രൂപ മുടക്കി കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. നെയ്യാറിലെ വെള്ളം തിരുപുറം കുമിളിയിൽ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിന്റെ പ്രയോജനവും ജനങ്ങൾക്ക് ലഭിക്കുന്നില്ല. കുമിളിയിൽ ശുദ്ധീകരിച്ച വെള്ളം കരുംകുളം, പൂവാർ മേഖലകളിലെ ടാങ്കുകളിലേക്ക് പമ്പ് ചെയ്തപ്പോഴാണ് പൈപ്പ് പൊട്ടൽ തുടർക്കഥയായത്. തുടർന്ന് പമ്പിംഗ് നിറുത്തിവച്ചു. 50 വർഷത്തിലേറെ പഴക്കമുള്ള ചെറിയ പൈപ്പുകളാണ് നിലവിലുള്ളത്. ഇത് മാറ്റി സ്ഥാപിച്ചാൽ മാത്രമേ ജലവിതരണം സുഗമമാക്കാൻ സാധിക്കൂ എന്നാണ് ജീവനക്കാർ പറയുന്നത്.
തുള്ളി വെള്ളമില്ലാതെ
കുളത്തൂർ
പൂവാർ
കരുംകുളം
കോട്ടുകാൽ
"കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും നടപടികൾ വൈകുകയാണ്. നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം."
എം.വിൻസെന്റ് എം.എൽ.എ
"കടലിൽ പണിയെടുക്കുന്നവർ കൊവിഡ് കാലത്ത് കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്. ഇത് പരിഹരിക്കണം."
അടിമലത്തുറ ക്രിസ്തുദാസ്, സാമൂഹ്യ പ്രവർത്തകൻ