തിരുവനന്തപുരം: നാടിന്റെ നന്മയെ ലക്ഷ്യമാക്കി ബഹുദൂരം മുന്നിലേക്ക് നടന്ന പൊതു പ്രവർത്തകനായിരുന്നു പി.ബിജുവെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. പി.ബിജു അനുസ്മരണം 'പി.ബി ഒരോർമ്മ' സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വസ്തുതകളെ ദീർഘവീക്ഷണത്തോടെയും പക്വതയോടെയും സമീപിച്ച ബിജു നാടിന്റെ നന്മയെ ലക്ഷ്യമാക്കി സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ച പൊതുപ്രവർത്തകനും ജനകീയ നേതാവുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആത്മാർത്ഥതയും ദീർഘവീക്ഷണവും കൈമുതലാക്കിയ ബിജുവെന്ന നേതാവിന്റെ വേർപാട് ഒരിക്കലും താങ്ങാൻ കഴിയുന്നില്ലെന്ന് പ്രമുഖ ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ അനുസ്മരിച്ചു. കെ.എ.എസ് പോലുള്ള മത്സര പരീക്ഷകൾക്കായി യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകിയ ബിജു പാവപ്പെട്ട യുവാക്കൾക്കും കുട്ടികൾക്കും പഠന സൗകര്യമൊരുക്കാൻ പ്രതിജ്ഞാബദ്ധനായിരുന്നുവെന്ന് മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് അനുസ്മരിച്ചു.യുവജന ക്ഷേമ ബോർഡ് മെമ്പർ മഹേഷ് കക്കത്ത് അദ്ധ്യക്ഷത വഹിച്ചു.കേരള ഓട്ടൊമൊബൈൽസ് ലിമിറ്റഡ് ചെയർമാൻ കരമന ഹരി, യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്താ ജറോം, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബോർഡ് അംഗം വി.പി റജീന, മെമ്പർ സെക്രട്ടറി പ്രസന്നകുമാർ, ജില്ലാ കോ- ഓർഡിനേറ്റർ അൻസാരി എന്നിവർ സംസാരിച്ചു.