കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസിൽ റിമാൻഡിലുള്ള പ്രതിശ്രുതവരൻ ഹാരിസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എറണാകുളത്തെ അഭിഭാഷകന്റെ സഹായത്തോടെയാണ് ഹാരിസ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹാരിസിന് ജാമ്യം നൽകാൻ പാടില്ലെന്നും മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂർത്തിയാക്കാനിരിക്കെ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് ഹാരിസ് പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് റംസി ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് റംസിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്തു.
ഹാരിസിന്റെ മാതാവ് ആരിഫാ ബീവി, സഹോദരൻ അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർക്ക് നേരത്തെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയുള്ള ക്രൈം ബ്രാഞ്ച് അപ്പീലിൽ നടിയും കൂട്ടരും ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരിക്കുകയാണ്. വിശദീകരണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിക്കും.