തിരുവനന്തപുരം: പേരൂർക്കട ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ഫ്‌ളൈഓവർ യാഥാർത്ഥ്യമാക്കാൻ 106.76 കോടിക്ക് സർക്കാർ ഭരണാനുമതി നൽകി. കിഫ്ബിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഫ്‌ളൈ ഓവറിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കുതിപ്പു തേടുന്ന തലസ്ഥാനം എന്ന വാർത്താപരമ്പരയിലൂടെ പുറത്തുവന്ന വിവരം ഏറെ ചർച്ചയായതിനു പിന്നാലെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെയാണ് പ്രാരംഭനടപടികൾ തുടങ്ങിയത്.
ഡി.പി.ആർ തയ്യറാക്കൽ, ഭൂമി ഏറ്റെടുക്കൽ തുടങ്ങി നടപടികളാണ് ഇനി മുന്നിലുള്ളത്. കളക്ടറേറ്രിലേക്ക് പോകേണ്ട കുടപ്പനക്കുന്ന് റോഡ് ഉൾപ്പെടെ ഒമ്പതു റോഡുകളാണ് ജംഗ്ഷനിലെത്തുന്നത്. 2002 മുതൽ പേരൂർക്കടയിൽ ഫ്‌ളൈഓവറിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും 2016-17 ലെ ബഡ്ജറ്രിൽ പേരൂർക്കടയിലെ അണ്ടർപ്പാസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പണം വകയിരുത്തിയെങ്കിലും പരിശോധനയിൽ അണ്ടർപാസ് അപ്രായോഗികമാണെന്നും ഇതിന് പകരം രണ്ടുവരി ഫ്‌ളൈ ഓവറിനായി വിശദമായ പദ്ധതിരേഖ തയ്യാറാക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിർദ്ദേശിച്ചു. രണ്ടുവരി ഫ്‌ളൈ ഓവറിനായി 2018 ജൂലായ് 18ന് വിശദമായ പദ്ധതി രേഖ, 106 കോടി രൂപയുടെ എസ്റ്റിമേറ്ര് സഹിതം കിഫ്ബിയിൽ ആർ.ബി.ഡി.സി.കെ അപ്‌ലോഡ് ചെയ്തു. എന്നാൽ 2020 ജനുവരി 30ന് പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ നിലപാടെടുത്തു. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന ലഭിച്ചതോടെ വി.കെ.പ്രശാന്ത് എം.എൽ.എ ഇടപെട്ടാണ് പദ്ധതിക്ക് വീണ്ടും ജീവൻ നൽകിയത്.
ആകെ ചെലവ് 106.76 കോടി
നിർമ്മാണ ചെലവ് :55.42 കോടി
ഭൂമിയേറ്റെടുപ്പ് :43.39 കോടി
പ്രാരംഭ ചെലവ്, ട്രീ പ്ലാന്റിംഗ് 6.95
ഷിഫ്റ്റിംഗ് 1 കോടി