പേരൂർക്കട: മരുതൂർ അഞ്ചുമുക്കു വയൽ പ്രദേശങ്ങളിലെ വീടുകളിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പൗഡിക്കോണം വെങ്കളത്തുകോണം അമ്പാടിയിൽ ശ്രീറാം (18), മാറനല്ലൂർ പൊലീസ് സ്റ്റേഷനു സമീപം സഹകരണ ആശുപത്രി ലെയിൻ വൃന്ദാവനത്തിൽ നിതിൻ ബാബു (18) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ദിവസം മംഗ്ലാവിളയിൽ സരിതയുടെ ശിവചന്ദ്രം വീട്ടിലും അഞ്ചുമുക്കു വയൽ മാടൻകോവിൽ ലെയിനിൽ അജന്തയുടെ താമരക്കാട് വീട്ടിലുമെത്തിയ പ്രതികൾ ഇവരെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജന്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളുടെ സുഹൃത്തായ ചെഞ്ചേരി അനിൽ നിവാസിൽ അനന്തുവിനെ കഞ്ചാവുമായി രണ്ടുദിവസം മുമ്പ് എക്‌സൈസ് അറസ്റ്റുചെയ്‌തിരുന്നു. ഈ വിവരം കൈമാറിയത് വീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രതികൾ കൃത്യം നടത്താൻ ഉപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണ്ണന്തല സി.ഐ ജി.പി. സജുകുമാർ, എസ്.ഐ ഒ.വി. ഗോപിചന്ദ്രൻ, എ.എസ്.ഐമാരായ മനോജ്, പ്രമീത്ത്, സി.പി.ഒ അജീഷ് എന്നിവർ പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു.