തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുടെ താൽക്കാലിക ഡയറക്ടറായി ഡോ.കെ.ജയകുമാർ ഇന്നലെ ചുമതലയേറ്റു.ഡയറക്ടറായിരുന്ന ഡോ.ആശാകിഷോറിന്റെ നിയമനം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയതിനെ തുടർന്നാണിത്.വിധിക്കെതിരെ ആശാകിഷോർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ തീരുമാനം വരുന്നതുവരെയാണ് ജയകുമാറിന് ചുമതല.ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഗ്രേഡ് പ്രൊഫസറാണ് ജയകുമാർ. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റാണ് ഉത്തരവിറിക്കിയത്.
ഡോ. ആശാ കിഷോറിന് മേയ് 12ന് ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് യോഗമാണ് അഞ്ച് വർഷത്തേക്ക് കാലാവധി നീട്ടി നൽകിയത്.ഇത് കേന്ദ്രസർക്കാരും അംഗീകരിച്ചതാണ്. എന്നാൽ മന്ത്രിസഭാ ഉപസമിതിയുടെ അംഗീകാരം നേടിയിട്ടില്ലെന്ന കാരണം പറഞ്ഞ് സ്ഥാപനത്തിലെ ഒരുവിഭാഗം കേന്ദ്ര ട്രൈബ്യൂണലിനെ സമീപിച്ച് ആഗസ്റ്റ് 5ന് സ്റ്റേ ചെയ്യിച്ചു. ഇതിനെതിരെ ആശാകിഷോർ നൽകിയ പരാതിയിൽ ഹൈക്കോടതി സ്റ്റേ ഒഴിവാക്കുകയും തീർപ്പുണ്ടാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നാണ് ട്രൈബ്യൂണൽ നിയമനം തന്നെ റദ്ദാക്കിയത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനയനുസരിച്ച് നിയമനങ്ങൾക്ക് മന്ത്രിസഭാ ഉപസമിതിയുടെ അനുമതി വേണ്ട. ഇക്കാര്യം പരിഗണിക്കാതെയാണ് സി.എ.ടി. വിധി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആശാകിഷോർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.