തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വർഷത്തെ തിരുനാൾ നടത്തിപ്പിന് കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. തിരുനാൾ ദിവസങ്ങളിൽ പള്ളിയുടെ അകത്തും പരിസരങ്ങളിലും പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ടാകുമെന്ന് അവലോകന യോഗത്തിൽ കളക്ടർ അറിയിച്ചു. 13 മുതൽ 22 വരെയാണ് തിരുനാൾ. തിരുനാൾ ദിവസങ്ങളിൽ ദേവാലയത്തിനകത്ത് പ്രാർത്ഥനയിലും കുർബാനയിലും ഒരു സമയം 40 പേരെ മാത്രമേ പങ്കെടുപ്പിക്കൂ. സാമൂഹിക അകലം പാലിച്ചു വേണം ചടങ്ങുകളിൽ പങ്കെടുക്കാൻ. പള്ളിയിലേക്കും പുറത്തേക്കും വിശ്വാസികൾക്കു പ്രവേശിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണം. തെർമൽ സ്‌കാനിംഗ്, സാനിറ്റൈസർ അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണം. പള്ളി പരിസരങ്ങളിലോ കടപ്പുറത്തോ കച്ചവട സ്ഥാപനങ്ങൾ അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി. കടൽത്തീരത്തേക്കുള്ള പ്രവേശനവും നിയന്ത്രിക്കും. തിരുനാളിന്റെ ഭാഗമായി സ്റ്റേജ് പ്രോഗ്രാമുകളും സമൂഹസദ്യയും ഒഴിവാക്കണം. തീർത്ഥാടകർ ദേവാലയ പരിസരത്ത് അധിക സമയം ചെലവിടുന്നതിനും അനുവദിക്കില്ല. തിരുനാൾ ആരംഭിക്കുന്ന 13നും പ്രദക്ഷിണം നടക്കുന്ന 21നും സമാപന തിരുനാൾ ദിനമായ 22നും തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. 21ന് കണ്ണാന്തറ മുതൽ കൊച്ചുവേളി വരെ നടക്കുന്ന പ്രദക്ഷിണത്തിൽ പരമാവധി ആളെ കുറച്ചുമാത്രമേ പങ്കെടുപ്പിക്കൂ. കുർബാനയിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഇതിനായി വോളന്റിയർമാരെ നിയോഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, എ.ഡി.എം. വി.ആർ. വിനോദ്, എ.സി.പി. കെ. സ്റ്റുവർട്ട്, ഇടവക വികാരി ഫാ. ജോർജ് ജെ. ഗോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.