ldf

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാസമർപ്പണം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ, മുന്നണികളെല്ലാം ആവേശത്തിലായി. പൊതു വികസന സമീപനം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രാദേശികാടിസ്ഥാനത്തിൽ ഓരോ തദ്ദേശസ്ഥാപന തലത്തിലും പ്രകടനപത്രികകൾ തയാറാക്കി അവതരിപ്പിച്ചാണ് മുന്നണികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പൊതു പ്രകടനപത്രികകൾക്ക് മുന്നണി നേതൃത്വങ്ങൾ സംസ്ഥാനതലത്തിൽ ഏകദേശ രൂപരേഖ തയാറാക്കി. സ്ഥാനാർത്ഥിനിർണയവും ഏറക്കുറെ പൂർത്തിയാകുന്നു.

തിരഞ്ഞെടുപ്പ് കാര്യപരിപാടികൾ മുഖ്യമായി ചർച്ച ചെയ്യുന്നതിനായി നിർണായകമായ ഇടതുമുന്നണി യോഗം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് എ.കെ.ജി സെന്ററിൽ ചേരും. പ്രകടനപത്രിക ഇന്ന് പ്രഖ്യാപിക്കില്ലെങ്കിലും ഇതിന്റെ കരടിന്മേലുള്ള ചർച്ച ഉണ്ടായേക്കും.

സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം സ്വർണക്കടത്ത് വിവാദത്തെ മറയാക്കി യു.ഡി.എഫ്, ബി.ജെ.പി നേതൃത്വങ്ങൾ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും ഇടതുമുന്നണിക്കുണ്ട്. ഇതിനായി വ്യാപക പ്രചാരണപരിപാടികൾ സംഘടിപ്പിക്കും.

മുന്നണി നേതൃത്വത്തിൽ സംസ്ഥാനത്താകെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയനീക്കങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണം സംഘടിപ്പിക്കാനാണ് സി.പി.എം നിർദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങൾ ഇന്ന് എൽ.ഡി.എഫ് യോഗം ചർച്ച ചെയ്യും. ഈ മാസം 16നായിരിക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സമരപരിപാടി.

ജോസ് കെ.മാണി പങ്കെടുക്കുന്ന ആദ്യ മുന്നണിയോഗം

കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗം പങ്കെടുക്കുന്ന ആദ്യ മുന്നണി യോഗം എന്ന പ്രത്യേകതയും ഇന്നത്തെ എൽ.ഡി.എഫ് യോഗത്തിനുണ്ട്. ജോസ് കെ.മാണി തന്നെയാവും പങ്കെടുക്കുക.

യു.ഡി.എഫ് പ്രകടനപത്രിക രണ്ട് ദിവസത്തിനകം

യു.ഡി.എഫിന്റെ പൊതു പ്രകടനപത്രിക രണ്ട് ദിവസത്തിനകം പുറത്തിറക്കാനാണ് നീക്കം. പ്രാദേശികാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾക്കൊപ്പം സർക്കാരിനെതിരായ കുറ്റപത്രവും ഉൾക്കൊള്ളിച്ചുള്ളതാകും പ്രകടനപത്രികെയന്നാണ് സൂചന. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യമുയർത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ലീഗ് എം.എൽ.എ എം.സി. ഖമറുദ്ദീൻ ജുവലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായത് ഇടതുപക്ഷവും ആയുധമാക്കും.

സർക്കാരിനെതിരായ കുറ്റപത്രം ഇറക്കാൻ എൻ.ഡി.എ

സംസ്ഥാന വികസനരേഖയ്ക്കൊപ്പം സർക്കാരിനെതിരായ കുറ്റപത്രം പ്രത്യേകം ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് എൻ.ഡി.എ നീക്കം. ഒരാഴ്ചയ്ക്കകം ഇത് പുറത്തിറക്കാനുള്ള അണിയറനീക്കങ്ങളിലാണ് ബി.ജെ.പി നേതൃത്വം. പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാനാർത്ഥിനിർണയമൊക്കെ ഏറക്കുറെ ബി.ജെ.പിയും പൂർത്തിയാക്കിയിട്ടുണ്ട്.