general

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിലെ സമാന്തര പാതയായ വെടിവെച്ചാൻ -പുന്നമൂട് റോഡ് നവീകരണം നീളുന്നതിൽ പ്രതിഷേധം ശക്തം. ടാർ ലഭിക്കാനുള്ള ക്ഷാമമാണ് നിർമ്മാണം വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്. ഐ.ബി. സതീഷ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് പുന്നമൂട് കല്ലിയൂർ -മാവറത്തല റോഡും വെടിവെച്ചാൻകോവിൽ പുന്നമൂട് റോഡും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് ഒരു കോടി 30 ലക്ഷം രൂപ അനുവദിച്ചത്.

കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ ദിവസങ്ങൾക്ക് മുമ്പ് മെറ്റലിംഗ് നടത്തി ജോലികൾ ആരംഭിച്ചെങ്കിലും ടാർ ക്ഷാമം തിരിച്ചടിയാകുകയായിരുന്നു. പുന്നമൂട് വെടിവെച്ചാൻ കോവിൽ റോഡിൽ 750 മീറ്ററും പുന്നമൂട് കല്ലിയൂർ -മാവറത്തല റോഡിൽ 450 മീറ്ററുമാണ് ടാറിംഗ് നടത്തേണ്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ കരാറുകാരന് നിർമ്മാണം കൈമാറിയത്. എന്നാൽ കരാർ കാലാവധി പൂർത്തിയായിട്ടും പകുതിജോലി പോലും ആയിട്ടില്ല. റോഡ് പൂർണമായും തകർന്നതോടെ വാഹനയാത്രികർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വിഷയത്തിൽ പരാതി പറഞ്ഞ് മടുത്തതായാണ് നാട്ടുകാരുടെ അഭിപ്രായം. റോഡ് അടിയന്തരമായി ടാർ ചെയ്തില്ലെങ്കിൽ വോട്ടുബഹിഷ്കരണമുൾപ്പെടെ നടത്താനാണ് ഇവരുടെ തീരുമാനം

നവീകരിക്കേണ്ടത്

01.കല്ലിയൂർ -മാവറത്തല റോഡ് -750 മീറ്റർ

02.വെടിവെച്ചാൻകോവിൽ-പുന്നമൂട് റോഡ്- 450 മീറ്റർ

അനുവദിച്ചത്: ഒരു കോടി 30 ലക്ഷം രൂപ