1

തിരുവനന്തപുരം:കൊവിഡ് കാലം അതിജീവിക്കാൻ തങ്ങളുടെ അഭിരുചികൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചിന്തിക്കുന്ന കൊച്ചുകുട്ടികളെ ശിശുദിന പരിപാടികൾ നയിക്കുന്ന കുട്ടികളുടെ നേതാക്കളായി തിരഞ്ഞെടുത്തു. എൽ.പി, യു.പി വിഭാഗം മലയാളം പ്രസംഗ മത്സരം മുഖേനയാണ് നേതാക്കളെ തിരഞ്ഞെടുത്തത്. വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിലെ നാലാംക്ലാസുകാരി നന്മ .എസാണ് കുട്ടികളുടെ പ്രധാനമന്ത്രി. നന്മയ്ക്ക് വായനാനുഭവങ്ങൾ പങ്കുവയ്ക്കാൻ നന്മാസ് വേൾഡ് ഓഫ് ബുക്ക് എന്ന യൂ ടൂബ് ചാനലുണ്ട്. ജഗതി ഈശ്വരവിലാസം റോഡ്, 'മാധവ'ത്തിൽ വിപ്രോയിലെ ഐ.ടി. പ്രൊഫഷണലും സാപ് കൺസൾട്ടന്റുമായ ശ്രീകുമാറിന്റെയും ഡോ. ദിവ്യ ശ്രീകുമാറിന്റെയും മകളാണ്. തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസുകാരൻ ആദർശ് .സി.എമ്മാണ് പ്രസിഡന്റ്. തമ്പ് തിയേറ്റർ അക്കാഡമിയിലെ വിദ്യാർത്ഥികൂടിയാണ്.കെ.എസ്.ഇ.ബി എൻജിനിയർ ഷാജി .ആർവിയുടെയും മഞ്ചു ഷാജിയുടെയും മകനാണ് ആദർശ്.

യു.പി വിഭാഗം മലയാളം പ്രസംഗത്തിൽ സമ്മാനം നേടി കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഉമ .എസ് കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കേരളകൗമുദിയിലെ കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന്റെയും അഭിഭാഷകയായ എം.നമിതയുടെയും മകളാണ്. പ്രസംഗം,ക്ലേ മോഡലിംഗ്, ചിത്രരചന എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.കുട്ടികളുടെ കാർട്ടൂൺ പരമ്പരകളായ കാത്തു,ബാനു, ബബ്ലു എന്നിവയിൽ ശബ്ദം നൽകിയിട്ടുണ്ട്. 'ഉമക്കുട്ടി' എന്ന പേരിൽ തുടങ്ങിയ യൂ ടൂബ് ചാനലിന് നാല്പതിനായിരത്തിലധികം സബ്സ്‌ക്രൈബേഴ്സും 25 ലക്ഷത്തിലധികം വ്യൂസുമുണ്ട്. പെരുകാവ് ചന്ദ്രൻ വില്ലയിൽ 'മൽഹാറിലാണ്' താമസം സഹോദരൻ അമൽ തിരുമല എം.എം. എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കരാട്ടേയിൽ 'യെല്ലോ ബെൽറ്റ് നേടിക്കഴിഞ്ഞ നാലാം ക്ലാസുകാരി നൈനിക അനിൽ ശിശുദിന പൊതുയോഗത്തിൽ സ്വാഗതവും ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മി.സി നന്ദിയും പറയും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ,ഗ്രാന്റ് മാസ്റ്റർ ജി.എസ്.പ്രദീപ് എന്നിവരടങ്ങിയ ജൂറിയാണ് നേതാക്കളെ തിരഞ്ഞെടുത്തത്. നവംബർ 14ന് നടക്കുന്ന കുട്ടികളുടെ ഓൺലൈൻ പൊതുയോഗം കുട്ടികളുടെ പ്രധാനമന്ത്രി നന്മ .എസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആദർശ് .സി.എം അദ്ധ്യക്ഷത വഹിക്കും.സ്പീക്കർ ഉമ .എസ് മുഖ്യപ്രഭാഷണം നടത്തും.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ. ശൈലജ തുടങ്ങിയവർ ഓൺലൈൻ വഴി ശിശുദിന സന്ദേശം നൽകും. ശിശുദിനസ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.പൊതുയോഗം ലൈവായി കാണുന്നതിന് സൗകര്യം ഒരുക്കുമെന്നും ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ അറിയിച്ചു.