photo

പാലോട്: വറുതിയുടെ നാളുകൾക്ക് ശേഷം ദീപാവലി ആഘോഷത്തിനായി പടക്ക വിപണി ഉണർന്നതോടെ മേഖലയിലെ തൊഴിലാളികൾ ആശ്വാസത്തിൽ. കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവാഘോഷങ്ങൾ ഇല്ലാതായതോടെ ദുരിതത്തിലായ ഇവർക്ക് ഏറെ പ്രതീക്ഷയാണ് ദീപാവലി നൽകുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന പടക്കനിർമ്മാണ കേന്ദ്രമാണ് നന്ദിയോട് പഞ്ചായത്തിലെ ആലംപാറ ഗ്രാമം. ഇരുപതോളം ലൈസൻസികളുടെ കീഴിൽ ആയിരത്തോളം തൊഴിലാളികളാണ് ഇവിടെ ജോലിയെടുക്കുന്നത്. ഇവരുടെ ഒരു വർഷത്തെ അദ്ധ്വാനത്തിന് കൂലി ലഭിക്കുന്നത് ദീപാവലി നാളിലാണ്. മക്കളുടെ വിവാഹത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ബാങ്ക് ലോൺ തിരിച്ചടവിനുമെല്ലാം ഇവർക്കാശ്രയം ഈ വരുമാനമാണ്. ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങൾ വന്നതോടെ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടത്. ചെറിയതോതിൽ വെടിക്കെട്ട് നടത്താനുള്ള അനുമതി മാത്രം ലഭിച്ച സമയത്താണ് കൊവിഡ് വില്ലനായത്. ഇതോടെ ജീവിതം വഴിമുട്ടിയ മേഖലയിലെ തൊഴിലാളികൾക്ക് ഇനിയുള്ള പ്രതീക്ഷ ദീപാവലി ആഘോഷം മാത്രമാണ്.

നിവർന്നുനിൽക്കാൻ ആലംപാറ

പടക്കനിർമ്മാണത്തിൽ ഏർപെട്ടിട്ടുള്ള നൂറ് കണക്കിന് വനിതകളാണ് ആലംപാറയിലുള്ളത്. സ്ഥിരം ലൈസൻസുള്ളവരുടെ നേതൃത്വത്തിൽ കെട്ടിയെടുക്കുന്ന പടക്കുകളാണ് ദീപാവലി നാളിൽ വില്പപനക്കായി എത്തുന്നത്. നാലഞ്ചു മാസം കൊണ്ട് അൻപതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ നേടുന്ന തൊഴിലാളികളും ഇവിടെയുണ്ട്. ഉത്സവ പറമ്പുകളിൽ വർണവിസ്മയം തീർത്ത പല ആശാൻമാരും അവരുടെ ശിഷ്യരും നന്ദിയോടിന്റെ സംഭാവനയാണ്. വരും ദിവസങ്ങളിൽ വില്പന കൂടും എന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാർ കാത്തിരിക്കുന്നത്.