തിരുവനന്തപുരം: പ്രമുഖ ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയർ സീരീസിൽ ഇടം നേടി മന്ത്രി കെ.കെ ശൈലജ. മഹാമാരികൾ സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച മികവിനുള്ള അംഗീകാരമായി മന്ത്രിയുടെ മുഖചിത്രവുമായാണ് വോഗ് ഇന്ത്യയുടെ പുതിയ ലക്കം പുറത്തിറങ്ങിയത്. ഇതോടൊപ്പം മന്ത്രി ശൈലജയെ അഭിമുഖം ചെയ്ത് തയ്യാറാക്കിയ പ്രത്യേക ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിപ്പ, കൊവിഡ് വൈറസുകളെ കേരളത്തിലെ ആരോഗ്യരംഗം നേരിട്ടതിനെ കുറിച്ചും മന്ത്രിയുടെ ഇടപെടലിനെ കുറിച്ചും വിശദീകരിക്കുന്ന ലേഖനമാണ് വോഗ് പ്രസിദ്ധീകരിച്ചത്. മികച്ച ആസൂത്രണവും നടപടികളും മൂലം കേരളത്തിലെ കൊവിഡ് കേസുകൾ ഒരുസമയം പൂജ്യത്തിലെത്തി. 'കൊറോണ വൈറസിന്റെ ഘാതകൻ' എന്നാണ് കേരളത്തിലെ ആരോഗ്യമന്ത്രി വിശേഷിപ്പിക്കപ്പെട്ടത്. യാത്രാനിയന്ത്രണങ്ങൾ നീക്കിയതോടെയും, ലോക്ക്ഡൗൺ പിൻവലിച്ചതോടെയും കേരളത്തിലെ കേസുകൾ വർദ്ധിച്ചെങ്കിലും കൊവിഡിനെ നേരിട്ടതിൽ കേരളത്തിന്റേത് മികച്ച നേട്ടമാണെന്ന് ലേഖനത്തിൽ പറയുന്നു. മന്ത്രിയുടെ രാഷ്ട്രീയ കുടുംബ ജീവിതത്തെ കുറിച്ചും ലേഖനത്തിൽ വിശദീകരിക്കുന്നു. ന്യൂസിലൻഡിലെ ജസിന്ത ആർഡേൺ, ജർമ്മനിലെ ആങ്കല മെർക്കൽ, തായ്‌വാനിലെ സായ് ഇംഗ് വെൻ തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണ് കെ.കെ ശൈലജയുടെ പേരുമുള്ളത്. വോഗിന്റെ 'വോഗ് വാരിയേഴ്‌സ്' പട്ടികയിലും നേരത്തെ മന്ത്രി ഇടം പിടിച്ചിരുന്നു. അംഗീകാരം ലഭിച്ചതറിഞ്ഞതോടെ രാഷ്ട്രീയ, സിനിമാ, സാംസ്കാരിക രംഗത്തെ പ്രമുഖർ മന്ത്രിയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി.