തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള രാഷ്ട്രീയവിവാദങ്ങൾ സൃഷ്ടിച്ച അലയൊലികൾക്കിടയിലും, തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സ്ഥിതി ഇടതുമുന്നണിക്ക് പ്രതികൂലമാകില്ലെന്ന് സി.പി.എം വിലയിരുത്തൽ.
സ്വർണ്ണക്കടത്ത്, വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദങ്ങളിൽ ശിവശങ്കറിന്റെ അറസ്റ്റോടെ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായെന്നും മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളെല്ലാം രാഷ്ട്രീയ പുകമറ സൃഷ്ടിക്കാൻ മാത്രമുദ്ദേശിച്ചാണെന്നും പാർട്ടി കരുതുന്നു. . ബിനീഷ് കോടിയേരിക്കെതിരായ കേസിലാകട്ടെ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മകനെ പൂർണ്ണമായി തള്ളിപ്പറയുകയും ചെയ്തു. ഇതിലപ്പുറമൊരു നടപടി ഇനി ഇക്കാര്യത്തിൽ ഉണ്ടാവാനില്ല.
യു.ഡി.എഫ് നേതാക്കൾക്കെതിരെ
കുരുക്കുകൾ മുറുകുന്നു
യു.ഡി.എഫ് നേതാക്കൾക്കെതിരെ അഴിമതിക്കേസുകളിൽ കുരുക്കുകൾ മുറുകുകയാണ്. ജുവലറി തട്ടിപ്പ് കേസിൽ മുസ്ലിംലീഗ് എം.എൽ.എ ഖമറുദ്ദീന്റെ അറസ്റ്റ് നടന്നു കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ മറ്റൊരു ലീഗ് എം.എൽ.എ
വി.കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു. കെ.എം. ഷാജി എം.എൽ.എയും കോൺഗ്രസ് എം.എൽ.എ എ.പി. അനിൽകുമാറും ആരോപണ നിഴലിലാണ്. കേന്ദ്ര ഏജൻസികളുടേത് രാഷ്ട്രീയനീക്കമെന്ന ഇടത് ആരോപണത്തെ തള്ളിപ്പറയുന്ന യു.ഡി.എഫ് നേതാക്കൾക്ക് അതുകൊണ്ടുതന്നെ ,സംസ്ഥാന അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെയും തള്ളാനാവില്ല.
ക്ഷേമപെൻഷനും, ഭക്ഷ്യക്കിറ്റുമുൾപ്പെടെ കൊവിഡ് പ്രതിരോധരംഗത്തെ സാമൂഹ്യ ഇടപെടലുകളും, സർക്കാരിന്റെ മറ്റ് വികസന പരിപാടികളും തിരഞ്ഞെടുപ്പിൽ ജനങ്ങൾ നല്ലത് പോലെ ഉൾക്കൊള്ളും. കൊവിഡിന്റെ തുടക്കകാലത്ത് നടപ്പാക്കിയ സാമൂഹ്യ അടുക്കള സംവിധാനവും ഇപ്പോഴും തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവുമടക്കം സർക്കാരിന് നല്ല പേരുണ്ടാക്കിയതാണ്.
കേരള കോൺഗ്രസ്-ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണിയിലേക്കുള്ള വരവ് മദ്ധ്യതിരുവിതാംകൂറിൽ ഇടതുമുന്നണിക്ക് നേട്ടമേ ഉണ്ടാക്കൂ എന്നാണ് വിലയിരുത്തൽ. കോട്ടയത്ത് കഴിഞ്ഞ തവണ സി.പി.എമ്മും കേരള കോൺഗ്രസ്-എമ്മും നേരിട്ടേറ്റു മുട്ടിയ ചില തദ്ദേശ വാർഡുകളിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്. മുന്നണിക്കകത്ത് പൊതുവിൽ അസ്വാരസ്യങ്ങൾ എവിടെയുമില്ല. കോഴിക്കോട്ട് ജനതാദൾ-എസും ലോക് താന്ത്രിക് ജനതാദളും തമ്മിൽ ചെറിയ തർക്കമുണ്ട്. കഴിഞ്ഞ തവണ ജെ.ഡി.എസിന് മാത്രമായി ലഭിച്ച സീറ്റുകളിൽ നിന്ന് എൽ.ജെ.ഡിയുമായി പങ്കിട്ടെടുക്കണമെന്ന നിർദ്ദേശമാണ് പ്രശ്നം. അതും പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം.