dd

നീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന കവാടത്തിന് മുന്നിലുള്ള കെ.എം.കെ ജുവലറിയിൽ മോഷണശ്രമം. ഞായറാഴ്ച രാത്രി 11 മണിക്കും പുലർച്ചെ 3.30നും ഇടയിലാണ് സംഭവം നടന്നതെന്ന് അനുമാനിക്കുന്നു. കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്ന സ്റ്റെയർകേസ് ഷട്ടറിന്റെ പൂട്ട് പൊളിച്ച് ജുവലറി മുറിയുടെ മെയിൻ സ്ളാബ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മോഷ്ടാക്കൾ കുത്തി പൊട്ടിക്കാൻ ശ്രമിച്ചു. ഇതിനായി 4 മണിക്കൂറോളം ചെലവഴിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. പിന്നീട് മോഷ്ടാക്കൾ ഏതോ ശബ്ദം കേട്ടയുടനെ മോഷണശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നുവെന്നാണ് നിഗമനം. ഗ്യാസ് സിലിണ്ടർ ഉപേക്ഷിച്ചിട്ടാണ് സംഘം സ്ഥലം വിട്ടത്.

ജുവലറി ഉടമ കെ.എം. ബാബുരാജിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. സി.ഐ പി. സുനിൽകുമാർ, എസ്.ഐ കെ.പി. സതീഷ് കുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു.