തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിന് കാരണം അട്ടിമറിയാണെന്ന ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് തള്ളി പൊലീസ്. അട്ടിമറി സാദ്ധ്യത പൂർണമായും പൊലീസ് തള്ളുകയാണ്. ഷോർട്ട് സർക്യൂട്ടുമൂലമാണ് തീപിടിത്തം ഉണ്ടായതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന പൊലീസ്, സംഭവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗ്രാഫിക് വീഡിയോയും പുറത്തുവിട്ടു. പ്രോട്ടോക്കോൾ വിഭാഗത്തിലെ കേടായ ഫാൻ ആരോ അബദ്ധത്തിൽ ഓണാക്കിയതിനെ തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഫാനിലെ വയറിംഗിൽ താപനില ഉയർന്ന് ട്രിപ്പുണ്ടായി തീപ്പൊരി ഫയലുകളിലേക്കും കർട്ടനുകളിലേക്കും പടർന്നെന്നാണ് പൊലീസിന്റെ വാദം.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ഫോറൻസിക് സയൻസ് ലാബിന്റെ പരിശോധനയിൽ കണ്ടെത്താനായിരുന്നില്ല. രാസവസ്തു സാന്നിധ്യം നിമിത്തമായോ എന്ന് പരിശോധന നടത്തിയ കെമിസ്ട്രി വിഭാഗത്തിനും അതിനുള്ള തെളിവുകൾ ലഭിച്ചില്ല. രണ്ട് മദ്യക്കുപ്പികളിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇതിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു.
ഫാനിൽ ഇലക്ടിക്കൽ തകരാർ ഉണ്ടായിരുന്നെന്നും ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെൽഫിനു മുകളിലെ പേപ്പറിൽ വീണു തീപിടിച്ചിരിക്കാമെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. തീപിടിത്തത്തിന് ഇടയാക്കുന്ന വസ്തുക്കൾ സ്ഥലത്തുനിന്ന കണ്ടെടുക്കാനായില്ല. അൽപം അകലെയുള്ള കാബിനിൽ നിന്നാണ് മദ്യകുപ്പി കണ്ടെടുത്തത്. കുപ്പിയിൽ മദ്യം ഉണ്ടായിരുന്നില്ല. കാബിൻ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിരുന്നു.
പൂർണമായി കത്തിനശിച്ച ഫാനിന്റെ എം.സി.ബി ട്രിപ്പായിരുന്നു. ഫൊറൻസിക് ലബോറട്ടറിയിൽ വിഷ്വൽ ആൻഡ് മൈക്രോസ്‌കോപ്പിക് പരിശോധനയാണ് നടത്തിയത്. വിശദമായി പരിശോധിക്കുന്നതിനു നാഷണൽ ലാബിലേക്ക് അയക്കും. ഫാനിന്റെ ഇലക്ട്രിക് സർക്യൂട്ട് മാറ്റം വരുത്താതെ നിലനിർത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും പരിസരത്തെ 30,000ൽ അധികം ഫോൺ കോളുകൾ പരിശോധിക്കുകയും ചെയ്തു.
ചീഫ് ഇലക്ട്രിക്കൽ ഉദ്യോഗസ്ഥർ, എഫ്.എസ്.എൽ വിദഗ്ധർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ 98 സാക്ഷികളെ കണ്ട് വിശദീകരണം തേടി. 45 വസ്തുക്കൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. 70 രേഖകൾ പരിശോധിച്ചു. സി.സി.ടി.വിയിലെ 48 മണിക്കൂർ ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിലെ 222 വ്യക്തികളെ കണ്ടെത്തി വിവരങ്ങൾ ആരാഞ്ഞു. സ്ഥലത്തുണ്ടായിരുന്ന 4830 ഫയലുകളും പരിശോധിച്ചു. കേന്ദ്ര ഏജൻസികൾ ആവശ്യപ്പെട്ട ഫയലുകൾ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.