തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിച്ച കൂട്ടത്തിൽ കേരളകോൺഗ്രസ് മാണിഗ്രൂപ്പിന്റെ രണ്ടിലയും ഉൾപ്പെട്ടെങ്കിലും ആ ചിഹ്നത്തിൽ ആര് മത്സരിക്കും എന്ന് വ്യക്തമല്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അസാധാരണഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ചിഹ്നങ്ങൾ പ്രഖ്യാപിച്ചത്. പിളർപ്പിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലും ഹൈക്കോടതിയിലും കേസിലകപ്പെട്ട് നിൽക്കുകയാണ് കേരളകോൺഗ്രസ് ജോസ് കെ.മാണി ജോസഫ് വിഭാഗങ്ങൾ. തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് കെ.മാണിയെയാണ് അംഗീകരിച്ചതെങ്കിലും ജോസഫ് വിഭാഗം നൽകിയ ഹർജിയിൽ ആ അംഗീകാരം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതിനാൽ കോടതി തീരുമാനം വന്നശേഷമേ രണ്ടില ആർക്ക് സ്വന്തമാകും എന്ന് പറയാനാവൂ.
ബി.ജെ.പി, ബി.എസ്. പി, സി.പി.ഐ. സി.പി.എം, കോൺഗ്രസ്, എൻ.സി.പി, തൃണമൂൽ തുടങ്ങി ഏഴ് ദേശീയ പാർട്ടികൾക്കും മുസ്ളിം ലീഗ്, ജനതാദൾ സെക്കുലർ, കേരളകോൺഗ്രസ് മാണി, ആർ.എസ്.പി തുടങ്ങി നാല് സംസ്ഥാന പാർട്ടികൾക്കുമാണ് ചിഹ്നങ്ങൾ അനുവദിച്ചത്. ആംആദ്മി, ഫോർവേഡ് ബ്ളോക്ക്, സി. എം. പി തുടങ്ങി 31 പാർട്ടികൾ പ്രത്യേക ചിഹ്നങ്ങൾ തിരഞ്ഞെടുത്തത് അംഗീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്വതന്ത്രർക്കായി മറ്റ് 81 ചിഹ്നങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. അംഗീകാരം നേടുന്നതിനുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിക്കാനാവാത്ത പാർട്ടികൾ ഏതെങ്കിലും സ്വതന്ത്രചിഹ്നം പൊതുവായി ഉപയോഗിക്കാൻ അനുമതി തേടുകയാണ് വേണ്ടത്.