കാട്ടാക്കട:കോട്ടൂർ കാപ്പുകാട്ടെ ആനപുനരധിവാസ കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. 120 കോടി രൂപ ചെലവിൽ നിർമ്മാണം നടക്കുന്ന ആനസഫാരി പാർക്കിൽ ആദ്യ ഘട്ടമായി അനുവദിച്ച 73 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. രണ്ട് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. നിർമ്മാണ പുരോഗതി വിലയിരുത്താൻ വനം മന്ത്രി കെ.രാജു ഇന്നലെ കാപ്പുകാട്ടെത്തി. ഡിസംബറിൽ പണി പൂർത്തിയാകുന്ന വിധത്തിലായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടു. ഇതിനാണ് വീണ്ടും ഗതിവേഗം കൈവന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രി കരാറുകാർക്കും ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശവും നൽകി.
ഞായറാഴ്ച ഒന്നാം പിറന്നാൾ ആഘോഷിച്ച കുട്ടിയാന ശ്രീകുട്ടിയെ കാണാനും മന്ത്രി എത്തി. ഡി.എഫ്.ഒ ജെ.ആർ. അനി, കാപ്പുകാട് വൈൽഡ് ലൈഫ് വാർഡൻ സതീശൻ, ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത്, ആനപാർക്കിന്റെ നിർമ്മാണപ്രവർത്തനത്തിന്റെ സ്പെഷ്യൽ ഓഫീസർ വർഗീസ്, മറ്റു എൻജിനിയർമാർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഒരുങ്ങുന്നത് ലോകോത്തര നിലവാരത്തിൽ
പതിനെട്ടോളം ആനകൾ ഇപ്പോൾ പാർക്കിൽ ഉണ്ടെങ്കിലും ഉദ്‌ഘാടനം കഴിയുമ്പോഴേക്കും അൻപതോളം ആനകളെ പരിപാലിക്കാൻ കഴിയുന്ന ഇടമായി മാറും. ആനകളുടെ ആവാസവ്യവസ്ഥിതി അനുസരിച്ചാണ് പാർക്ക് ക്രമീകരിക്കുന്നത്. ആനകൾക്കായുള്ള ആശുപത്രി ഉൾപ്പെടെയുള്ള നിർമ്മാണത്തിന്റെ അറുപത് ശതമാനത്തോളം പൂർത്തീകരിച്ചു. ആനകളുടെ മ്യൂസിയത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ആനകളെ സംബന്ധിച്ച് പഠിക്കാനുള്ള സംവിധാനങ്ങളും ഇവിടെ ശേഷം ഒരുക്കും. കുട്ടി ആനകൾക്കായുള്ള നഴ്‌സറി, ആനകൾക്കായുള്ള ഫീഡിംഗ് സ്റ്റേഷൻ ഉൾപ്പെടെ ഇവരെ പരിപാലിക്കുന്ന ഡോക്ടർമാർ, ജീവനക്കാർ എന്നിവർക്കുള്ള സൗകര്യവും ഒരുക്കും. കുടിവെള്ള സൗകര്യത്തിനായി റിസർവോയർ നിർമ്മിക്കാനും ആലോചിക്കുന്നുണ്ട്.
"നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കർശന നിർദ്ദേശം നൽകി. ഇത് പൂർത്തിയാകുന്നതോടെ കോട്ടൂർ ആന പരിപാലന കേന്ദ്രവും പുത്തൂർ സൂവോളജിക്കൽ പാർക്കും മികച്ച കേന്ദ്രങ്ങളാകും. "
മന്ത്രി കെ. രാജു