തിരുവനന്തപുരം : സ്ഥാനാർത്ഥികളെ രംഗത്തിറക്കി എൽ.ഡി.എഫ് ആദ്യ റൗണ്ടിൽ മുന്നിലെത്തിയപ്പോൾ സ്ഥാനാർത്ഥി നിർണയത്തിന്റെ പണിപ്പുരയിലാണ് യു.ഡി.എഫും എൻ.ഡി.എയും.വികസന പ്രശ്നങ്ങൾ ഉയർത്തിയും രാഷ്ട്രീയം ചർച്ചചെയ്തും ഗ്രാമ നഗര വ്യത്യാസമില്ലാതെ അണികൾ ചൂടേറിയ ചർച്ചകളിലാണിപ്പോൾ. ഗ്രാമ പ്രദേശങ്ങളിലെ ചായക്കടകളിലും കവലകളിലും രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുമ്പോൾ നിരോധനാജ്ഞ നിലവിലുണ്ടെന്ന കാര്യം പാടേ മറക്കുകയാണ് നാട്ടുകാർ.
ജില്ലാ പഞ്ചായത്തിലേക്ക് പൂർണമായും കോർപറേഷൻ വാർഡുകളിലേക്ക് 98 ശതമാനവും സ്ഥാനാർത്ഥികളെ എൽ.ഡി.എഫ് രംഗത്തിറക്കിക്കഴിഞ്ഞു. ഇനി കേവലം 6 കോർപറേഷൻ സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ളത്. ഗ്രാമ- ബ്ലോക്ക് മുനിസിപ്പാലിറ്റികളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നിറഞ്ഞു. നെടുമങ്ങാട് മുനിസിപ്പാലിറ്റി,നെല്ലനാട് അടക്കമുള്ള ചില പഞ്ചായത്തുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളാവാത്തത്. സി.പി.എം -സി.പി.ഐ സീറ്റ് ധാരണ ഇവിടെ പൂർണമാകാത്തതാണ് പ്രശ്നം. യു.ഡി.എഫ് മുന്നണി കോർപറേഷനിലേക്ക് 35 സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മറ്റു സീറ്റുകളിൽ ഒന്നിലധികം പേർ അവകാശവാദം ഉന്നയിക്കുന്നതിനാൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ രണ്ടുമൂന്നു ദിവസം കൂടി വേണ്ടിവരുമെന്നാണ് കോൺഗ്രസ് ജില്ലാ നേതാവ് പ്രതികരിച്ചത്. ജില്ലാ പഞ്ചായത്തിലേക്കുള്ള 26 സ്ഥാനാർത്ഥികളുടെ ചർച്ചയും എങ്ങുമെത്തിയിട്ടില്ല. ഗ്രാമ -ബ്ലോക്ക് -മുനിസിപ്പാലിറ്റികളിലും സ്ഥാനാർത്ഥി ചിത്രം വ്യക്തമായിട്ടില്ല. എൻ.ഡി.എയുടെ കാര്യവും വിഭിന്നമല്ല. കോർപറേഷനിലേക്ക് ഇന്നലെ 29 സ്ഥാനാർത്ഥികളെ മാത്രമാണ് പ്രഖ്യാപിക്കാനായത്. ജില്ലാ പഞ്ചായത്തിലേക്കുള്ള മുന്നണി സീറ്റ് വിഭജന ചർച്ചയും പൂർത്തിയായിട്ടില്ല.ഗ്രാമ -ബ്ലോക്ക്-മുനിസിപ്പൽ മേഖലയിലേക്കും സ്ഥാനാർത്ഥികളെ കണ്ടെത്തുന്ന തിരക്കിലാണ് നേതൃത്വം.
സ്ഥാനാർത്ഥി ചിത്രം വ്യക്തമായാൽ കൺവെൻഷനുകൾ നടത്തി സ്‌ക്വാഡ് പ്രവർത്തനത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ചുപേരിൽ കൂടരുതെന്ന നിയമമുള്ളതിനാൽ ചുരുക്കം ആളുകളെമാത്രം ഉൾപ്പെടുത്തി സ്‌ക്വാഡുകൾ തുടങ്ങി. സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി ആദ്യ റൗണ്ട് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക ഘടകങ്ങൾ. കൂടുതൽ വോട്ടുകളുള്ള കുടുംബങ്ങൾ,പൗരപ്രമുഖർ, സാമുദായിക നേതാക്കൾ എന്നിവരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്ന ശ്രമത്തിലാണ് നിലവിൽ നിശ്ചയിക്കപ്പെട്ട സ്ഥാനാർത്ഥികൾ.