ബംഗളൂരു: സുരക്ഷ മുൻനിറുത്തി രാത്രിയിൽ പാർപ്പിച്ച വിൽസൺ ഗാർഡൺ പൊലീസ് സ്റ്റേഷനിൽ വച്ച് ബിനീഷ് കോടിയേരി ഫോൺ ഉപയോഗിച്ചെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതേത്തുടർന്ന് ബിനീഷിനെ രാത്രിയിൽ പാർപ്പിക്കുന്നത് കബ്ബൺ പാർക്ക് സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനിൽ വച്ച് ബിനീഷ് ഫോണുപയോഗിച്ചത് രഹസ്യാന്വേഷണ ഏജൻസികളാണ് കണ്ടെത്തിയത്. ഫോൺ വിളിക്കാൻ സൗകര്യമൊരുക്കിയവരെക്കുറിച്ച് ഇ.ഡി അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ചയാണ് ബിനീഷിന്റെ ഇ.ഡി കസ്റ്റഡി അവസാനിക്കുക.
ഇ.ഡിയുടെ കസ്റ്റഡി തീർന്നാലുടൻ ബിനീഷിനെ നാർകോടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ വാങ്ങും. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപിൽ നിന്ന് ബിനീഷിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ എൻ.സി.ബിക്ക് ലഭിച്ചിട്ടുണ്ട്. എൻ.സി.ബി ബംഗളൂരു യൂണിറ്റ് ഡയറക്ടർ അമിത് ഗവാത്തെ, ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ബിനീഷിനെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സറ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം എൻ.സി.ബി കേസെടുക്കാനിടയുണ്ട്.
ബിനീഷിന്റെ കള്ളപ്പണ- ബിനാമി ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. അടച്ചുപൂട്ടിയ മൂന്നു കമ്പനികളിലെ പങ്കാളിത്തം, ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽനിന്നും കണ്ടെടുത്ത ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എ.ടി.എം കാർഡ് എന്നിവയെക്കുറിച്ച് പൂർണ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. ബിനീഷ് ഡയറക്ടറായ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിംഗ് (ബംഗളൂരു), ബീ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ് എന്നിവയുടെ വിലാസം അന്വേഷിച്ചപ്പോൾ അവ വ്യാജ കമ്പനികളാണെന്നു വ്യക്തമായെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.
2015ൽ ബംഗളൂരുവിലാണ് സുഹൃത്തുമായിച്ചേർന്ന് ബി. ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ബിനീഷ് ആരംഭിച്ചത്. 2018ൽ കമ്പനിയുടെ പ്രവർത്തനം നിറുത്തി. ഈ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡി.യുടെ നിഗമനം. ബിനീഷിന്റെ ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവർ ഡയറക്ടർമായുള്ള കൊച്ചിയിലെ റയിൻഹ ഇവന്റ് മാനേജ്‌മെന്റ്, ബംഗളൂരുവിലെ യോഷ് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ബിനീഷിനുവേണ്ടിയാണ് കമ്പനികൾ നടത്തിയിരുന്നതെന്നാണ് മുഹമ്മദ് അനൂപ് മൊഴി നൽകിയത്.