തിരുവനന്തപുരം :തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ യു.ഡി.എഫും രംഗത്ത്. കോർപറേഷനിലെ എല്ലാ വാർഡുകളിലെയും സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ രാത്രിയോടെ ഘടകകക്ഷികളുടേതുൾപ്പെടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. ഇന്ന് അന്തിമപട്ടിക പ്രഖ്യാപിക്കും. ഞായറാഴ്ച ആദ്യഘട്ടപട്ടികയിൽ 35 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഘടകകക്ഷിയിൽ നിന്നും സി.എം.പിയിലെ സ്ഥാനാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്. മുസ്ലിംലീഗ് ഉൾപ്പെടെയുള്ള കക്ഷികളുടെ സ്ഥാനാർത്ഥികളെ ഇന്നാണ് പ്രഖ്യാപിക്കുന്നത്. ഘടകകക്ഷികളുമായുള്ള ചർച്ചയാണ് നീണ്ടുപോയത്. സീറ്റുകൾ വച്ചു മാറുന്നതാണ് പ്രധാന വിഷയം. മുസ്ലിംലീഗ് പതിവായി തോൽക്കുന്ന സീറ്റുകൾ വിട്ടുനൽകണമെന്ന കോൺഗ്രസിന്റെ ആവശ്യത്തോടുള്ള ലീഗിന്റെ വിസമ്മതമായിരുന്നു പ്രധാന കാരണം.ആറ്റിപ്രയ്ക്ക് പകരം ജയസാദ്ധ്യതയുള്ള മറ്റൊരു വാർഡ് വേണമെന്ന് ആർ.എസ്.പിയും തൈക്കാട് മാറ്റി നൽകണമെന്ന് സി.എം.പിയും ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന് (ജേക്കബ്) വലിയവിള നൽകി. പകരം കഴിഞ്ഞതവണ മത്സരിച്ച മേലാങ്കോട് കോൺഗ്രസിന് വിട്ടുനൽകി. 6 സീറ്റുകളാണ് കേരള കോൺഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പൂന്തുറ വാർഡിന്റെ കാര്യത്തിൽ മാത്രമാണ് ഇതുവരെ ധാരണയായത്. 3 വാർഡുകൾ ചോദിച്ച ജനതാദളിന്റെ (യു) കാര്യത്തിലും ധാരണയായില്ല. സി.പി.എം 70 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തീരുമാനമാകാനുള്ള ആറ് വാർഡുകളിൽ ചിലതിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ നിശ്ചയിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക ബി.ജെ.പി പുറത്തിറക്കി. പത്രികാ സമർപ്പണം വ്യാഴാഴ്ച മുതൽ ആരംഭിക്കും.