vayal-kilikal

തളിപ്പറമ്പ്: ബൈപ്പാസ് വിരുദ്ധ സമരവുമായി സി.പി.എമ്മിന് തലവേദനയായിരുന്ന വയൽക്കിളികൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കും. തളിപ്പറമ്പ നഗരസഭയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് കീഴാറ്റൂരിൽ വയൽ കിളികൾ മത്സരിക്കുക. ഇന്നലത്തെ യോഗത്തിലാണ് തീരുമാനം. ഇതിനിടെ സി.പി.എം സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടുണ്ട്. കോൺഗ്രസ് വിജയിച്ച ഏഴോളം സീറ്റിൽ മത്സരിക്കാൻ 20 പേർ കുപ്പായം തയിപ്പിച്ച് ഇറങ്ങിയിട്ടുണ്ട്. ഇന്ന് നടക്കുന്ന സമവായ കമ്മിറ്റിയിൽ തീരുമാനമാകും. ലീഗ് സ്ഥാനാർത്ഥികളെ നിർണയിക്കുന്ന നടപടികൾ ഇന്ന് കണ്ണൂരിൽ നടക്കുന്ന ഉന്നതതല ചർച്ചയിൽ പൂർത്തിയാകും.
സി.പി.എം. നഗരസഭയിലെ പാർട്ടി നേതാവായി പരിഗണിക്കുന്ന ഒ. സൗഭാഗ്യം മാന്ധംകുണ്ടിൽ നിന്നാണ് മത്സരിക്കുക.

വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി വിജയൻ തുരുത്തിയിലും പ്രസിഡന്റ് കെ.എം. ലത്തീഫ് ചാലഞ്ഞൂരും മത്സരിക്കും. രണ്ടും സി.പി.എം സിറ്റിംഗ് സീറ്റുകളാണ്. ഏഴാം മൈൽ കൗൺസിലർ ആയിരുന്ന എം.പി, റഫീഖ്കാക്കാൻ ചാലിലും മുൻകൗൺസിലർ വനജ കൂവോടും മത്സരിക്കും. രാജ രാജേശ്വര വാർഡിൽ ലോക്കൽ കമ്മിറ്റിയംഗം പി. ഗോപിനാഥും പുഴക്കുളങ്ങരയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും സ്വർണത്തൊഴിലാളി യൂണിയൻ നേതാവുമായ സി. സുരേഷ്‌കുമാറുമാണ് മത്സരിക്കുക. കീഴാറ്റൂരിൽ വത്സലയും പുളിമ്പറമ്പിൽ ഡി.വൈ.എഫ്.ഐ തളിപ്പറമ്പ വില്ലേജ് വൈസ് പ്രസിഡന്റ് എം. അഖിലയുമാണ്‌ പോരിനിറങ്ങുക.

പ്ലാത്തോട്ടത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഷീബ, മുൻ നഗരസഭ കൗൺസിലർമാരായ സി.വി. ഗിരീശൻ തുള്ളന്നൂരിലും ഇ. കുഞ്ഞിരാമൻ കുറ്റിക്കോലിലും പാലക്കുളങ്ങരയിൽ ടി. പത്മനാഭനും നേതാജി നഗറിൽ സേതുമാധവനും തൃച്ചംബരത്ത് നന്ദുവും മത്സരരംഗത്തുണ്ട്. കോൺഗ്രസ് കഴിഞ്ഞ പ്രവശ്യം ഏഴ് സീറ്റിലാണ് ജയിച്ച് വന്നത്. ഇതിൽ പാലകുളങ്ങരയിൽ എം.എൻ. പൂമംഗലത്തെ മാത്രമാണ് ഐക്യരൂപേണ സ്ഥാനാർത്ഥിയെ നിർണയിച്ചത്. ജയിച്ച വാർഡുകളായ പൂക്കോത്ത് തെരുവിൽ നാല്‌പേർ സ്ഥാനാർത്ഥി ലിസ്റ്റിൽ വന്നെങ്കിലും രണ്ട്‌പേർ ഒഴിവാഴി., പാലയാട് മൂന്നു പേർ സ്ഥാനാർത്ഥി നിർണയ പട്ടികയിൽ ഇടംനേടിയെങ്കിലും ഇവിടെ രണ്ട്‌പേർ പിൻമാറി. കോൺഗ്രസിന്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി കല്ലിങ്കിൽ പത്മനാഭൻ മത്സരിക്കും. പുഴക്കുളങ്ങര വാർഡിൽ നിന്നാണ് കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് സ്ഥാനാർത്ഥിയായ വത്സല പ്രഭാകരൻ ജയിച്ച് വൈസ് ചെയർപേഴ്സണായത്. ഇക്കുറി നാല്‌പേർ കച്ചമുറുക്കി ഇറങ്ങിയെങ്കിലും മണ്ഡലം പ്രസിഡന്റ് ടി.വി. രവിയ്ക്കാണ് മുൻതൂക്കം.
നേതാജി വാർഡിൽ രണ്ട്‌പേർ സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടംനേടിയെങ്കിലും ആരും പിന്മാറാൻ തയ്യാറായിട്ടില്ല. തൃച്ചംബരം ഇക്കുറി എസ്.സി. വാർഡായതിനാൽ അവിടെ കുറ്റിക്കോലുള്ള അനിഷ് പ്രചരണം തുടങ്ങി. നേതാജി വാർഡിൽ കഴിഞ്ഞ തവണ കോൺഗ്രസിലെ നബീസയാണ് ജയിച്ചിരുന്നത്. ഇക്കുറി ജനറൽ വാർഡാണ്. ഇവിടെ രണ്ട്‌ പേരുകൾ ഉയർന്ന് വന്നെങ്കിലും നബീസ തന്നെയായിരിക്കും സ്ഥാനാർത്ഥിയാവുക. സി.പി.എം. പതിനൊന്ന് സീറ്റിലും കോൺഗ്രസ് 7 സീറ്റിലും ബി.ജെ പി. ഒന്നിലും ലീഗ് 15 സീറ്റിലുമാണ് ജയിച്ചിരുന്നത്. ഇവിടെ യു.ഡി.എഫ് ഭരണമാണ്‌.