മാഹി: മയ്യഴിപ്പുഴയുടെ സംരക്ഷണത്തിന് ജനങ്ങളെ കൂട്ടിയിണക്കി സംരക്ഷണ കവചമൊരുക്കുന്നു. സാമൂഹ്യ പ്രവർത്തക സി.കെ. രാജലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഇടപെടൽ. എം.ജി. കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഡോ. ശിവദാസിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണങ്ങളിൽ പുഴ മലിനീകരണം വ്യക്തമായിരുന്നു. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുഴയിലുള്ളത്. വിവാഹം തുടങ്ങിയ ചടങ്ങുകളിൽ ഉപയോഗിക്കുന്ന ഇറച്ചി മാലിന്യങ്ങളെല്ലാം തള്ളുന്നത് പുഴയിലാണ്. ഡോ. ശിവദാസിന്റെ പരിശോധനയിൽ കാട്മീയം സയനൈഡ് അംശങ്ങൾ കണ്ടെത്തിയിരുന്നു.
ഇത് ത്വക്ക് രോഗം മുതൽ വൃക്ക തകരാറ് വരെ ഉണ്ടാക്കും. വർക്ക്‌ഷോപ്പുകൾ, ഫാക്ടറികൾ എന്നിവയിൽ നിന്നുള്ള മാലിന്യങ്ങൾ കൂടി ചേർന്ന് പുഴവെള്ളം നിറവ്യത്യാസം സംഭവിച്ച് കുഴമ്പ് രൂപത്തിലായിട്ടുണ്ട്. വ്യാപകമായി കണ്ടൽചെടികളും നശിപ്പിക്കപ്പെട്ടു. ചെമ്പല്ലി, കരിമീൻ, ആറ്റ് കൊഞ്ച്, വരാൽ തുടങ്ങിയ മത്സ്യങ്ങളിൽ പലതും അപ്രത്യക്ഷമായി. പെരിങ്ങത്തൂർ വരെ ഇപ്പോൾ ഉപ്പ് വെള്ളം കയറുകയാണ്. ഇത് സമീപത്തെ കൃഷികളും ഇല്ലാതാക്കി.
പുഴസംരക്ഷണത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ ഇയ്യങ്കോട് പുഴ വീണ്ടെടുക്കൽ പ്രവൃത്തി നടന്നു വരുന്നു. 2.96 കോടിയുടെ പദ്ധതിയാണ് നടക്കുന്നത്. വിലങ്ങാട് വരെയുള്ള ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് കൂടിയ ഭാഗങ്ങളിലെ മണൽ നീക്കി പുഴയുടെ ഒഴുക്ക് വീണ്ടെടുക്കുകയാണ്.
ജനകീയ കൂട്ടായ്മയിൽ പുഴ ശുചീകരണം നടത്തും. ജനകീയ ഏകോപന സമിതിയും പ്രാദേശിക കൂട്ടായ്മകളും രൂപീകരിക്കുന്നുണ്ട്. തൂണേരി മുടവന്തേരിയിലെ ജാതിയിൽ മോഹനൻ, മുഹമ്മദ് തുണ്ടിയിൽ, ഇരിങ്ങണ്ണൂരിലെ എം.പി. നന്ദകുമാർ (തൂണേരി വില്ലേജ് ഓഫീസർ), മുടവന്തേരി ഡിഫെൻഡേഴ്സ് ക്ലബ്ബ് ഭാരവാഹികളായ ബഷീർ, ആഷിഫ്, നിയാസ്, മൻഷിദ്, അമീർ, അബ്ദുല്ല , സിദ്ധാർഥ് , ആദിത്യ എന്നിവരും നേതൃത്വം നൽകുന്നുണ്ട്.
കുറ്റ്യാടിയിൽ നിന്നുത്ഭവിച്ച് 14 പഞ്ചായത്തുകൾ, രണ്ട് നഗരസഭകൾ, ആറ് അസംബ്ലി മണ്ഡലങ്ങൾ എന്നിവയിലുടെ 64 കി.മി ഒഴുകി മയ്യഴി അഴിമുഖത്ത് കടലിൽ സംഗമിക്കുന്നതാണ് ഈ പുഴ. നിരവധി തണ്ണീർ തടങ്ങൾ ഇതിനകം നികത്തി കഴിഞ്ഞു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഈ സ്ഥലങ്ങൾ ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തി പഞ്ചായത്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ചിലർ ഭൂമി തരം മാറ്റാൻ വേണ്ടി അപേക്ഷയും കൊടുത്തു. കണ്ടലുകൾ നശിപ്പിച്ച് മണ്ണിട്ട് മൂടിയ പ്രദേശങ്ങൾ പൂർവ്വ സ്ഥിതിയിൽ ആക്കാനും പ്രശ്ന പരിഹാരം ഉണ്ടാക്കാനുമാണ് ഇപ്പോഴത്തെ ശ്രമം.