മുക്കം: മഴയിൽ വീട്ടുമുറ്റത്തേയ്ക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കാൻ റോയൽറ്റി ആവശ്യപ്പെട്ട ജിയോജസ്റ്റിന്റെ തീരുമാനത്തെ തള്ളി ഹൈക്കോടതി ഇടപെടൽ. രണ്ടു വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശികളായ സാദിഖലി കൊളക്കാടൻ, അപ്പുണ്ണി പരപ്പിൽ എന്നിവർക്ക് വേണ്ടി കോടതി അനുകൂല വിധിയുണ്ടായത്. 2018 ജൂണിലാണ് അടുത്തുള്ള മല മഴ ഇടിഞ്ഞ് വീട്ടുമുറ്റത്തേക്ക് വീണത്. മഴ തുടർന്നതിനാൽ മണ്ണിടിച്ചിൽ ആവർത്തിക്കുമെന്ന് ഭയന്ന വീട്ടുകാർ ദുരന്തനിവാരണ അതോറിറ്റിയുടെയും ഫയർഫോഴ്സിന്റെയും മറ്റും
സഹായം തേടി. ഫയർഫോഴ്സാകട്ടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറക്കല്ലുകളും മണ്ണുമടക്കം ഇടിച്ച് ഭീഷണിയുള്ള ബാക്കി ഭാഗംകൂടി താഴേയ്ക്കിട്ടു. അതോടെ വീട്ടിൽ നിന്ന് മുറ്റത്തേക്കിറങ്ങണമെങ്കിൽ മണ്ണ് നീക്കം ചെയ്യാതെ വയ്യെന്നായി. അതിനായാണ് ദുരന്തനിവാരണ സമിതി ജില്ല ചെയർമാൻ കൂടിയായ ജില്ലാ കളക്ടറെ സമീപിച്ചത്. അദ്ദേഹം അപേക്ഷ ജിയോളജിസ്റ്റിന് കൈമാറി. അതോടെയാണ് രണ്ടു വീട്ടുകാരുടെ കഷ്ടമാരംഭിച്ചത്. ജിയോളജിസ്റ്റിന്റെ വരവു കാത്ത് ഏറെ നാൾ. പിന്നീട് അദ്ദേത്തിന്റെ ഹിതമറിയാനുള്ള കാത്തിരിപ്പ്. ഒടുവിൽ റിപ്പോർട്ടു വന്നു. മണ്ണിന് വില കിട്ടുമെന്നതിനാൽ റോയൽറ്റി അടയ്ക്കണം. 30 000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനിടെ മഴയും വെള്ളപ്പാച്ചിലും മണ്ണൊലിപ്പും തുടർന്നു കൊണ്ടിരുന്നു.
മഴയായാലും വെള്ളപ്പൊക്കമായാലും പ്രളയം ആയാലും ഇടിഞ്ഞു വീണ മണ്ണ് നീക്കാൻ അനുമതി നൽകണമെങ്കിൽ റോയൽറ്റി വേണമെന്നായിരുന്നു നിലപാട്. ജില്ലാ ജിയോളജിസ്റ്റ് ഉറച്ചു നിന്നതോടെ വീട്ടുകാർ റവന്യു വകുപ്പുമന്ത്രി അടക്കമുള്ളവരെയെല്ലാം സമീപിച്ചു. ആരും ജിയോളജിസ്റ്റിന്റെ ഉത്തരവിന്റെ മുകളിൽ പറന്നില്ല. ഒടുവിലാണ് ഹൈക്കോടതിയിൽ അഭയം തേടിയത്. 'മണ്ണ് നീക്കാൻ റോയൽറ്റി ആവശ്യപ്പെട്ട നടപടി നിയമപരമല്ലെന്നു മാത്രമല്ല നിരുത്തരവാദപരവുമാണ്' എന്നും 'ഇത്തരമൊരു തീരുമാനം അധികാരികളിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലായിരുന്നു' എന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് കോടതി മണ്ണ് നീക്കം ചെയ്യാൻ ജില്ല കളക്ടറെയും തഹസിൽദാരെയും ചുമതലപ്പെടുത്തിയത്. ഇനി കോടതി ഉത്തരവ് നടപ്പാക്കുന്നത് കാത്തുള്ള കാത്തിരിപ്പാണ് ഈ വീട്ടുകാർക്ക്.