വെഞ്ഞാറമൂട്:വാമനപുരം ബ്ലോക്കിൽപ്പെട്ട പുല്ലമ്പാറ പഞ്ചായത്തിൽ ഭരണം നിലനിറുത്താൻ ഇടതുമുന്നണിയും തിരിച്ചുപിടിക്കാൻ കോൺഗ്രസും സാന്നിദ്ധ്യം ഉറപ്പിക്കാൻ ബി.ജെ.പിയും നടത്തുന്ന ശ്രമം തിരഞ്ഞെടുപ്പിന് വീറും വാശിയും കൂട്ടുന്നു. 2000 മുതൽ ഇരു മുന്നണികളും മാറിമാറി ഭരിച്ച ചരിത്രമാണ് പഞ്ചായത്തിലുള്ളത്. ഏറ്റവുമൊടുവിലത്തെ ഊഴം ഇടതുമുന്നണിയുടേതായിരുന്നു. വിട്ടുകൊടുക്കാനൊരുക്കമില്ലാതെ യു.ഡി.എഫും നിലകൊള്ളുന്നു.15 അംഗ ഭരണസമിതിയാണ് പഞ്ചായത്തിൽ നിലവിലുള്ളത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം 9, സി.പി.ഐ 2, കോൺഗ്രസ് 2,ഇടത് സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

പഞ്ചായത്തിലെ തേമ്പാമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായി നിൽക്കുന്ന കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയും സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും നിരത്തിക്കാട്ടിയുമാകും ഇടതുമുന്നണി വോട്ടു തേടുക.

സ്വർണക്കടത്തും സി.പി.എം നേതാക്കളാടെ വഴിവിട്ട ബിസിനസ് പ്രവർത്തനങ്ങളുമൊക്കെയായിരിക്കും കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്. ഇതുവരെ സീറ്റൊന്നും ലഭിക്കാത്ത ബി.ജെ.പി മാറിമാറി വരുന്ന ഇരു മുന്നണികളുടെയും ഭരണത്തിലെ പോരായ്മകൾ ഉയർത്തിക്കാട്ടിയാണ് വോട്ടു പിടിക്കുന്നത്.വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ നിറുത്തി മത്സരിപ്പിക്കാനാണ് മൂന്ന് മുന്നണികളുടെയും ശ്രമം.